കോട്ടയം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതും ചെങ്ങന്നൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും റെയിൽവേയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സീസണിൽ കൂടുതൽ തീർഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കങ്ങളും നേരിട്ട് വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്തിന് പുറമേ ചെങ്ങന്നൂർ, കൊല്ലം റെയിൽവേ സ്റ്റേഷനുകളിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശപ്രകാരമാണ് സന്ദർശനം.
ശബരിമലയിലേക്ക് തീർഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽപാതകൾ ഒരുക്കുമെന്നു പറഞ്ഞ കേന്ദ്രമന്ത്രി, അങ്കമാലി–ശബരി റെയിൽപാത സംബന്ധിച്ച ചോദ്യത്തിനും മറുപടി നൽകി. കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും അത് വരരുതെന്ന് ആഗ്രഹിക്കുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ദൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, സർക്കാരിന് ഇക്കാര്യങ്ങളെല്ലാം അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ ഒരു ബിസിനസ് സ്ഥാപനമല്ലെന്നും മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
















