ന്യൂദല്‍ഹി: ഐപിഎല്ലില്‍ ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ദല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ രാത്രി എട്ടിന് കളി തുടങ്ങും. ഇരുടീമും നേരത്തെ മുംബൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ദല്‍ഹി 37 റണ്‍സിന് വിജയിച്ചിരുന്നു.
പോയിന്റ് പട്ടികയില്‍ എട്ടു മത്സരങ്ങളില്‍നിന്ന് പത്ത് പോയിന്റോടെ ഒപ്പത്തിനൊപ്പമാണ് ഇരു ടീമും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ഫോമിലാണ് ദല്‍ഹിയുടെ പ്രതീക്ഷ. യുവതാരങ്ങളായ പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്. ശിഖര്‍ ധവാന്‍, കോളിന്‍ മണ്‍റോ എന്നിവരുടെ പരിചയസമ്പത്തും ദല്‍ഹി ബാറ്റിങ്ങില്‍ നിര്‍ണായകമാകും. ഇഷാന്ത് ശര്‍മ-കഗീസൊ റബഡ ബൗളിങ്ങ് സഖ്യമാണ് ദല്‍ഹിയുടെ ശക്തി. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെ റബഡ നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
ടൂര്‍ണമെന്റ് പുരോഗമിക്കുംതോറും ഫോമിലേക്കുയരുകയാണ് മുംബൈ ഇന്ത്യന്‍സ്. സൂപ്പര്‍ ബൗളര്‍ ലസിത് മലിംഗ ഫോമിലേക്കുയര്‍ന്നതോടെ മുംബൈ കൂടുതല്‍ ശക്തരാകും. ബെംഗളൂരുവിനെതിരെ മലിംഗ നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
നായകന്‍ രോഹിത് ശര്‍മ ഇതുവരെ വലിയ സ്‌കോര്‍ കണ്ടെത്തിയിട്ടില്ല. ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഫോമിലാണ്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ കരുത്ത്. ലസിത് മലിംഗ, ജെയ്‌സണ്‍ ബെഹ്‌റന്‍ഡ്രേഫ്, ജസ്പ്രീത് ബുംറ എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ഇരു ടീമുകളും ഇതിനുമുമ്പ് 23 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പന്ത്രണ്ടിലും വിജയം ദല്‍ഹിക്കൊപ്പം നിന്നു. പതിനൊന്ന് തവണ മുംബൈ വിജയം കണ്ടു.
















