ന്യൂദല്‍ഹി : ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കണമെന്ന് ചൈനക്ക് അന്ത്യശാസനം. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ജെയ്ഷ ഇ മുഹമ്മദിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ രണ്ടാഴ്ചക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഎന്‍ രക്ഷാസമിതിയില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കി. നിലവില്‍ മസൂദ് അസറിനും സംഘടനയ്ക്കുമെതിരെ നടപടിയെടുക്കാനുള്ള രക്ഷാ സമിതി തീരുമാനത്തെ ചൈന തടഞ്ഞുവെച്ചിരിക്കുകയാണ്.
അതേസമയം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചൈന ഏപ്രില്‍ 23വരെ സമയം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജെഇഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ചൈന വീണ്ടും തടസ്സം ഉന്നയിക്കുകയാണെങ്കില്‍ ഇതര മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് അനൗദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്.
മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നത് ഏറെക്കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു. സുരക്ഷ കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിര്‍പ്പുന്നയിച്ചതിനാല്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണത്തിന് ശേഷം മസൂദ് അസറിനെതിരെ നടപടി സ്വീകരിക്കാന്‍ അമേരിക്കയും, ബ്രിട്ടനും, ഫ്രാന്‍സും ചൈനക്ക് മേലുള്ള സമ്മര്‍ദം ശക്തമാക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ അവസാന ആഴ്ചയില്‍ യുഎന്‍ രക്ഷാകൗണ്‍സിലില്‍ കരട് പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. പ്രമേയം വോട്ടിനിട്ടാല്‍ ചൈന വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങിയുള്ള അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം മോശം കീഴ്വഴക്കങ്ങള് സൃഷ്ടിക്കുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍. കൂടാതെ ഇന്ത്യയുമായി ഇക്കാര്യത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തേണ്ടതാണ്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആശങ്കകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: