കറാച്ചി: ഇന്ത്യ ഈ മാസം വീണ്ടും പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. ഏപ്രില്‍ പതിനാറിനും ഇരുപതിനുമിടയിലാകും ആക്രമണം. വിശ്വാസയോഗ്യമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ഖുറേഷി പറഞ്ഞു.
എന്നാല്‍, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന്റെ തീയതിയടക്കം പ്രവചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സംഭവത്തില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അനുമതിയോടെയാണ് വിവരം ജനങ്ങളുമായി പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ ജെയ്ഷെ ഭീകരരുടെ ആക്രമണത്തില്‍ നാല്പത് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുന്നൂറോളം ഭീകരരുണ്ടായിരുന്ന ബലാക്കോട്ടിലെ ജെയ്ഷെ ഭീകരത്താവളം ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് നശിപ്പിക്കുകയും തുടര്‍ന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെടുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ എഫ്-16 വിമാനം തകര്‍ത്തുവെന്ന വാദത്തിലൂടെ യുദ്ധഭ്രാന്ത് ഉണര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്ന് ഇമ്രാന് ആരോപിച്ചിരുന്നു. എന്നാല്‍ എഫ്-16 വെടിവെച്ചിട്ടെന്ന വാദത്തില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്.
ഒടുവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തണുത്തു തുടങ്ങുമ്പോഴാണ് ഇന്ത്യ ആക്രമിച്ചേക്കുമെന്ന അടിസ്ഥാനരഹിതമായ വാദവുമായി പാക്കിസ്ഥാന് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: