തൃശൂര്‍: ചിയ്യാരത്ത് വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ യുവാവ് ബിടെക് വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ചിയ്യാരം വത്സാലയം വീട്ടില്‍ നീതു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് നിതീഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അമ്മ കുട്ടിക്കാലത്തേ മരിച്ചുപോയിരുന്നു. അച്ഛനും ഉപേക്ഷിച്ച നീതുവിനെ അമ്മൂമ്മയാണ് വളര്‍ത്തിയത്.
പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. കൊടകര ആക്സിസ് എഞ്ചിനീയറിങ് കോളേജിലെ ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നീതു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. നീതുവിന്റെ കരച്ചില് കേട്ട് അയല്‍വാസികളെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശരീരം 80 ശതമാനത്തിലേറെ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിലെ ശുചിമുറിയിലാണ് നീതുവിനെ കണ്ടെത്തിയത്.
നീതുവിന്റെയും വീട്ടുകാരുടെയും നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി തടഞ്ഞുവച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസിന് കൈമാറി. വീടിനു പിറകിലെ വഴിയില്‍ ബൈക്ക് വച്ചാണ് യുവാവ് വീട്ടിലേക്ക് എത്തിയത്. പുറകുവശത്തെ വാതില്‍ തുറന്നയുടന്‍ നിതീഷ് അകത്തേക്ക് ഓടിക്കയറി നീതുവിന്റെ ബെഡ് റൂമിലേക്ക് ചെന്നു. ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വന്ന നീതുവിനെ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കഴുത്തില്‍ കുത്തിയ ശേഷം കുപ്പിയില്‍ കൊണ്ടുവന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് നീതുവിന്റെ മുത്തശ്ശിയും മുകളിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാവന് സഹദേവനും ഓടിയെത്തി.
ദേഹത്ത് തീ പടര്‍ന്നതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഓടി ശുചിമുറിയില്‍ കടന്ന് രക്ഷപ്പെടാന്‍ നീതു ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും ശരീരം പൂര്‍ണമായും കത്തിയിരുന്നു. നീതുവിനെ ഉടനെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
തിരുവല്ലയിലെ ക്രൂരത
ആഴ്ചകള്‍ക്കു മുന്‍പാണ് തിരുവല്ലാ നഗരത്തില്‍ ചിലങ്ക തീയേറ്ററിനു സമീപത്തുവച്ച് പെണ്‍കുട്ടിയെ, പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നത്. അതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സമാന സംഭവം തൃശൂരിലും ഉണ്ടായത്. സംഭവത്തില്‍ അജിന് റജി മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: