കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ആവശ്യപ്പെട്ട് ഒളിക്യാമറയില്‍ കുടുങ്ങിയ എം.കെ. രാഘവന് എംപിക്ക് കുരുക്ക് മുറുകുന്നു. കോഴ ആരോപണദൃശ്യങ്ങള് പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയതോടെ രാഘവന്റെ നില പരുങ്ങലിലായി. സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മീണ കളക്ടറോട് നിര്‍ദേശിച്ചു.
അതേസമയം, സ്വഭാവഹത്യയ്ക്ക് ശ്രമമുണ്ടായോയെന്ന് അന്വേഷിക്കാനും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച സന്ധ്യയോടെയാണ് എം.കെ. രാഘവന് എംപി തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ഹിന്ദിചാനല്‍ പുറത്തുവിട്ടത്. കോഴിക്കോട് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സ്ഥാപിക്കാന്‍ പതിനഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ബിസിനസുകാരുടെ വേഷത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍ എംപിയുടെ കോഴിക്കോട്ടെ വീട്ടിലെത്തിയത്. സഹായം വാഗ്ദാനം ചെയ്ത എംപിയുമായി തുടര്‍ന്ന സംസാരം തെരഞ്ഞെടുപ്പു വിഷയങ്ങളിലേക്ക് കടന്നു.
മണ്ഡലത്തിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ വേണ്ടിവരുമെന്നും ഹൈക്കമാന്‍ഡ് പരമാവധി രണ്ടിനും അഞ്ചിനും ഇടയ്ക്ക് കോടി രൂപ മാത്രമേ നല്‍കൂവെന്നും രാഘവന് ഇവരോട് പറയുന്നു. ബാക്കി തുക സ്വയം കണ്ടെത്തണമെന്നും വോട്ടെടുപ്പിന് തൊട്ടു മുമ്പ് വോട്ടര്‍മാര്‍ക്ക് പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും വഴി മദ്യം എത്തിക്കണമെന്നും പറയുന്നുണ്ട്. അങ്ങനെയാണ് അവരോട് അഞ്ചു കോടി രൂപ ആവശ്യപ്പെടുന്നതും.
പണം തങ്ങള്‍ക്ക് ദല്‍ഹിയിലോ നോയിഡയിലോ വച്ചു മാത്രമേ നല്‍കാനാകൂ എന്നായിരുന്നു അവരുടെ മറുപടി. എങ്കില്‍ ദല്‍ഹിയിലെ തന്റെ സെക്രട്ടറിയുടെ നമ്പര്‍ നല്‍കാമെന്നും ബന്ധപ്പെട്ടാല്‍ മതിയെന്നും രാഘവന് അവരോട് പറഞ്ഞു. എന്നാല്‍, എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും താന്‍ അവരോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് എംപിയുടെ വിശദീകരണം. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രാഘവന് കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
രാഘവനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എളമരം കരീം രംഗത്തെത്തി. ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് 20 കോടി രൂപ വരെ ചെലവാക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമാണ്. ഇത്തരത്തില്‍ ചെലവാക്കുന്നത് കള്ളപ്പണമാണ്. ഇതിന്റെ സ്രോതസ്സ് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയാറാകണമെന്നും കരീം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: