പെരുമ്പാവൂര്‍: കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് 12 വയസ്സുകാരിയായ മകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഞാലകം തമ്പിക്കുടിവീട്ടില് അബൂബക്കറി(43)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്ന കുടുംബവുമായി അബൂബക്കര്‍ കാലങ്ങളായി അകല്‍ച്ചയിലായിരുന്നു. ഇതിന്റെ പേരില്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇയാളുടെ ഭാര്യയും മക്കളും അനുജത്തിയുടെ വീട്ടിലേക്ക് മാറി താമസിച്ചു. പലപ്രാവശ്യം അബൂബക്കര്‍ തിരിച്ചുവിളിച്ചെങ്കിലും ഇവര്‍ പോകാന്‍ തയ്യാറായില്ല. ഇതോടെയാണ് ഭാര്യയും മക്കളും താമസിക്കുന്ന സ്ഥലത്തെത്തി ഇളയമകളെ അബൂബക്കര്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. മക്കളെ കാണാനെന്ന പേരില്‍ താമസസ്ഥലത്തെത്തിയ അബൂബക്കര്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് രണ്ട് കുപ്പികളിലായി രണ്ട് ലിറ്റര്‍ പെട്രോളും കരുതിയിരുന്നു. തുടര്‍ന്ന് ഇളയ മകളെ അടുത്തുവിളിച്ച് തലവഴി പെട്രോള്‍ ഒഴിച്ചു. ഒരുകുപ്പിയിലെ പെട്രോള്‍ അബൂബക്കര്‍ സ്വന്തം ദേഹത്തും ഒഴിച്ചു. എന്നാല്‍, കുട്ടി ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി. ഇതോടെ അബൂബക്കര്‍ രക്ഷപ്പെട്ടു. അന്വേഷണത്തിനൊടുവില്‍ ഇയാള്‍ പിടിയിലായി.
നിരവധി സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടായിരുന്ന അബൂബക്കര്‍ കടക്കാരില്‍ നിന്നു രക്ഷപ്പെടാന്‍ ഭാര്യയുടെ ഫോണ്‍നമ്പറാണ് എല്ലാവര്ക്കും നല്‍കിയിരുന്നത്. ഇതുമൂലമുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ കുടുംബവഴക്കും ഉപദ്രവങ്ങളും പതിവായതോടെയാണ് ഇയാളുടെ ഭാര്യ വീടുവിട്ടിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. അബൂബക്കറിന്റെ പേരില്‍ കൊലപാതകശ്രമത്തിനും കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിനുമുള്ള പ്രത്യേക വകുപ്പ് പ്രകാരവും കേസ്സെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: