തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസ്സുകള്‍ വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന മതബോധന ക്ലാസ്സുകള്‍ക്കും ബാധകമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ്. അങ്കണവാടികള്‍ പോലും അടച്ചിട്ട് കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടിലെത്തിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍ അസഹ്യമായ ചൂട് വകവയ്ക്കാതെ മതബോധന ക്ലാസുകള്‍ നടത്തുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
റോമന്‍ കത്തോലിക്കരുടെ പാലാ അതിരൂപതയുടെ കീഴിലുള്ള 170-ാളം സ്കൂളുകളില്‍ വിശ്വാസോത്സവം എന്ന പേരില്‍ മതബോധന ക്ലാസ്സുകളും ബൈബിള്‍ ക്ലാസ്സുകളും നട ത്തുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതു മുതല്‍ നാലു മണി വരെ വിവിധ സമയങ്ങളില്‍ ക്ലാസ്സുകള്‍ തീരുന്ന വിധത്തിലാണ് സംഘാടനം. പൊതുവില്‍, മനസ്സോടെയല്ലെങ്കിലും സഭയെ ഭയന്ന് രക്ഷാകര്ത്താക്കള് കുട്ടികളെ അയയ്ക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
അതുപോലെ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള സ്കൂളുകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കുന്ന വിധത്തില്‍ ബൈബിള്‍ ക്ലാസ്സുകള്‍ നടത്തുന്നെന്ന് മറ്റൊരു പരാതിയില്‍ പറയുന്നു. നട്ടുച്ചയ്ക്ക് ക്ലാസ്സുകള്‍ അവസാനിക്കുന്നതു കാരണം വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഉച്ചസമയത്ത് സൂര്യാതപമേറ്റ് ആരോഗ്യപ്രശ്നങ്ങളും ജീവാപായവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു.
കൊടുംചൂടില്‍ ആരോഗ്യമുള്ള മുതിര്‍ന്നവര്‍ പോലും വെയിലത്ത് ജോലി ചെയ്യേണ്ടതില്ലെന്നും അങ്ങനെ ജോലി ചെയ്യിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവ് നിലനില്‍ക്കെ, അതിന്റെ ഉദ്ദേശ്യം കണക്കിലെടുക്കാതെ മതബോധന ക്ലാസ്സുകള്‍ നടത്തുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: