തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്റെ നില മാറ്റമില്ലാതെ തുടരുന്നു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇന്നലെ ഒരാഴ്ച പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ പ്രതീക്ഷയ്ക്ക് വകനല്കുന്ന യാതൊരു പുരോഗമനവുമില്ല.
തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. കുട്ടിക്ക് സ്വന്തമായി ശ്വാസമെടുക്കാനാകുന്നില്ല. ശരീരത്തിന് ഇതുവരെ യാതൊരു ചലനവും ഉണ്ടായിട്ടില്ല. ദ്രവരൂപത്തില്‍ ആഹാരം നല്‍കുന്നുണ്ട്. വയറിനും ശ്വാസകോശത്തിനും പരിക്കേറ്റതും നില അതീവഗുരുതരമാക്കി.
മദ്യലഹരിയില്‍ മാര്‍ച്ച് 27ന് രാത്രിയാണ് തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് കുട്ടിയെ മര്‍ദിക്കുന്നത്. തലച്ചോറിനുള്ളില്‍ കെട്ടിയ രക്തം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കാന്‍ നോക്കിയെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാക്കി. ഇനി പ്രതീക്ഷ വേണ്ടെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നതെങ്കിലും വിദഗ്ധ സംഘം കുറച്ച് ദിവസം കൂടി വെന്റിലേറ്ററിന്റെ സഹായത്തോടെ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
മൂന്നര വയസുള്ള ഇളയകുട്ടിക്കും ഉടുമ്പന്നൂര്‍ സ്വദേശിനിയായ അമ്മയ്ക്കും മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. കുട്ടികളുടെ ദേഹത്ത് സിഗരറ്റ് വെച്ച് പൊള്ളിച്ചതും അടിയേറ്റ പാടുകളും കണ്ടെത്തി. ഇളയകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പ്രതിക്കെതിരെ പോക്സോയും ചുമത്തിയിട്ടുണ്ട്.
പ്രതി വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍
വിശദമായ ചോദ്യം ചെയ്യലിനായി പ്രതി അരുണ്‍ ആനന്ദിനെ വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുട്ടം ജില്ലാ കോടതിയില്‍ നിന്നാണ് പ്രതിയെ തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കാര്യം ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇതിനിടെ വയറിന് വേദന അനുഭവപ്പെട്ട പ്രതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: