മാഡ്രിഡ്: കരീം ബെന്‍സേമ രക്ഷകനായി. അവസാന നിമിഷം നേടിയ ഗോളില്‍ ഈ ഫ്രഞ്ചുതാരം റയല്‍ മാഡ്രിഡിന് വിജയം സമ്മാനിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ലാ ലിഗയിലെ ആവേശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹ്യൂയെസ്കയെ പരാജയപ്പെടുത്തി.
സിനദിന്‍ സിദാന് കോച്ചായി തിരിച്ചെത്തിയിട്ടും റയലിന് കാര്യമായ മാറ്റം വന്നിട്ടില്ല. സിദാന്റെ ശിക്ഷണത്തില്‍ രണ്ടാം മത്സരത്തിനിറങ്ങി റയല്‍ തുടക്കത്തിലേ കിതച്ചു. പക്ഷെ അവസാന നിമിഷങ്ങളില്‍ ബെന്‍സേമ അവരുടെ രക്ഷകനായി. കിര്ളിങ് കിക്കിലൂടെ ഗോള്‍ നേടി ബെന്‍സേമ റയലിന് മൂന്ന് പോയിന്റ് സമ്മാനിച്ചു.
മൂന്നാം മിനിറ്റില്‍ തന്നെ റയല്‍ പിന്നാക്കംപോയി. ഹെര്‍നാണ്ടസ് കുറിച്ച ഗോളില്‍ ഹ്യൂയെസ്ക മുന്നിലെത്തി. 25-ാം മിനിറ്റില്‍ ഇസ്കോയിലുടെ റയല്‍ ഗോള്‍ മടക്കി സമിനല പിടിച്ചു.
62-ാം മിനിറ്റില്‍ സെബലോസ് റയലിനെ മുന്നിലെത്തിച്ചു. പക്ഷെ പന്ത്രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഹ്യൂയെസ്ക ഗോള്‍ മടക്കി. മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് ബെന്‍സേമ നിര്‍ണായക ഗോളില്‍ റയലിനെ വിജയത്തിലെത്തിച്ചത്.
ഈ വിജയത്തോടെ 29 മത്സരങ്ങളില്‍ 57 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍(59) രണ്ട് പോയിന്റിന് പിന്നിലാണ് റയല്‍ മാഡ്രിഡ്. ബാഴ്സലോണ 29 മത്സരങ്ങളില്‍ 69 പോയിന്റുമായി ഒന്നാം സ്ഥാനത്ത്് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: