ഹൈദരാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അടിച്ചൊതുക്കി സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ഹൈദരാബാദ് 118 റണ്‍സിന് ബെംഗളൂരുവിനെ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയുടെയും (114) ഡേവിഡ് വാര്‍ണറുടെയും (100 നോട്ടൗട്ട്) സെഞ്ചുറി മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 19.5 ഓവറില്‍ 113 റണ്‍സിന് പുറത്തായി. നാലോവറില്‍ പതിനൊന്ന് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന് സ്പിന്നര്‍ മുഹമ്മദ് നബിയാണ് ചലഞ്ചേഴ്സിനെ തകര്‍ത്തത്.
തുടക്കം അടിയോടെ ഒടുക്കം ഏറോടെ. സ്വന്തം മണ്ണില്‍ അടിച്ചും എറിഞ്ഞും ആടിത്തകര്‍ത്തു ഹൈദരാബാദ്. കോഹ്ലിയെയും സംഘത്തെയും ശ്വാസം വിടാന്‍ അനുവദിക്കാതെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും നല്കിയ തുടക്കം ചെന്നെത്തിയത് 185 റണ്‍സില്‍. പതിനാറ് ഓവര്‍ നീണ്ട കൂട്ടുകെട്ടിനു മുന്നില്‍ തകര്‍ന്നുവീണത് ഐപിഎല്ലിലെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ട് എന്നു തുടങ്ങി പല പ്രമുഖ റെക്കോഡുകളും.
സെഞ്ചുറിയിലേക്ക് ആദ്യം എത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോ. 56 പന്തില്‍ ഏഴ് സിക്സും പന്ത്രണ്ട് ഫോറും അടക്കം 114 റണ്‍സ്. സ്പിന്നര്‍ ചാഹലിന്റെ പന്തില്‍ യാദവിന് ക്യാച്ച് നല്കി ബെയര്‍സ്റ്റോ മടങ്ങിയപ്പോള്‍ വാര്‍ണറിനു മുന്നില്‍ അടുത്ത ഊഴം തെളിഞ്ഞു. യൂസഫ് പത്താനെ സാക്ഷിയാക്കി വാര്‍ണര്‍ തന്റെ നാലാം സെഞ്ചുറി തികച്ചു. 55 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്സ്.
മറുപടി ബാറ്റിങിനിറങ്ങിയ ബെംഗളൂരു ടീം തുടക്കം മുതലേ തകര്‍ന്നടിഞ്ഞു. മൂന്ന് മത്സരങ്ങളിലും ഓപ്പണിങ്ങില്‍ പരീക്ഷണം നടത്തിയ കോഹ്ലിക്ക് ഇത്തവണയും പാളി. പാര്‍ഥിവ് പട്ടേലിനൊപ്പം ഓപ്പണ്‍ ചെയ്ത വിന്‍ഡീസ് ബാറ്റ്സ്മാന് ഷിമ്രോണ്‍ ഹേറ്റ്മയര്‍ ഒമ്പത് റണ്‍സിന് പുറത്ത്. പാര്‍ഥിവ് പട്ടേല്‍ പതിനൊന്ന് റണ്‍സിനും കൂടാരം കയറി. നായകന് വിരാട് കോഹ്ലി (മൂന്ന്), ഡിവില്ലിയേഴ്സ് (ഒന്ന്), മോയീന്‍ അലി (രണ്ട്), ശിവം ദുബെ (അഞ്ച്) എന്നിവര്‍ മധ്യനിരയില്‍ വന്നപോലെ മടങ്ങി. ന്യൂസിലാന്‍ഡ് താരം കോളിന് ഡി ഗ്രാന്‍ഡ്ഹോമിന് മാത്രമാണ് ബെംഗളൂരു നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഗ്രാന്‍ഡ്ഹോം മുപ്പത്തിരണ്ട് പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 37 റണ്‍സ് നേടി.
ഹൈദരാബാദിനായി അഫ്ഗാന് സ്പിന്നര്‍ മുഹമ്മദ് നബി നാലോവറില്‍ പതിനൊന്ന് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് നബിയുടെ സ്പിന്‍ കെണിക്കുമുന്നില് ബെംഗളൂരു മുന്‍നിര തകര്‍ന്നടിഞ്ഞു. ബെംഗളൂറിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: