ബാഴ്‌സലോണ: കാത്തിരിപ്പ് അവസാനിച്ചു. ആരാധകര്‍ വിജയിയെ തെരഞ്ഞെടുത്തു. ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള ട്രോഫി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിക്ക് സ്വന്തം. അഞ്ചു ലക്ഷം ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ തെരഞ്ഞെടുത്തത്.
2006-07 സീസണില്‍ കോപ്പ ഡെല്‍ റെയുടെ സെമിഫൈനലില്‍ ഗറ്റാഫെക്കെതിരെ മെസി നേടിയ ഗോളാണ് ഏറ്റവും മികച്ച ഗോളിനുള്ള അവാര്‍ഡിനര്‍ഹമായത്. മാര്‍ച്ച് 20നാണ് അവസാന റൗണ്ട് വോട്ടെടുപ്പ് നടന്നത്. മെസിയുടെ മൂന്ന് ഗോളും സെര്‍ജിയോ റോബര്‍ട്ടോയുടെ ഒരു ഗോളുമാണ് അവസാന റൗണ്ടിലെത്തിയത്്.
ഗറ്റാഫെക്കെതിരെ മെസിനേടിയ ഗോളിന് 45 ശതമാനം വോട്ട് ലഭിച്ചു. കോപ്പ ഫൈനലില്‍ അത്‌ലറ്റിക് ക്ലബ്ബിനെതിരെ മെസി നേടിയ ഗോളിന് 28 ശതമാനവും എല്‍ ക്ലാസിക്കോയില്‍ റയലിനെതിരെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കുറിച്ച ഗോളിന് പതിനാറ് ശതമാനവും വോട്ട് ലഭിച്ചു.
സെര്‍ജിയോ റോബര്‍ട്ടോ 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ പാരീസ് സെന്റ് ജര്‍മയിന്‍ (പിഎസ്ജി) സിനെതിരെ നേടിയ ഗോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനൊന്ന് ശതമാനം വോട്ടാണ് ഈ ഗോളിന് കിട്ടിയത്.
ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കണ്ടെത്താനുള്ള മത്സരം മൂന്ന് മാസം മുമ്പാണ് ആരംഭിച്ചത്. 63 ഗോളുകള്‍ മത്സര രംഗത്തുണ്ടായിരുന്നു. അഞ്ചു ലക്ഷത്തോളം ആരാധകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
















