ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അര്‍ജന്റീനയ്‌ക്കായി എല്ലാം നല്‍കിയശേഷമാണ് കളമൊഴിയുന്നതെന്ന് വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഗോണ്‍സാലോ പറഞ്ഞു.
കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് രാജ്യാന്തര ഫുട്‌ബോളിനോട് വിടപറയുന്നതെന്ന് ഗോണ്‍സാലോ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സില്‍ ജനിച്ച ഗോണ്‍സാലോ 75 മത്സരങ്ങളില്‍ അര്‍ജന്റീനയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 2009ലായിരുന്ന അരങ്ങേറ്റം. 2010ലെ ലോകകപ്പിനായുള്ള യോഗ്യത റൗണ്ട് മത്സരത്തില്‍ പെറുവിനെതിരെയാണ് അര്‍ജന്റീനക്കായി ആദ്യ മത്സരം കളിച്ചത്. അന്ന് ഒരു ഗോളും നേടി.
2018ലെ റഷ്യന്‍ ലോകകപ്പിലാണ് അര്‍ജന്റീനക്കായി അവസാന മത്സരം കളിച്ചത്. ഗോണ്‍സാലോ അണിനിരന്ന അര്‍ജന്റീന അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നൈജീരിയയെ തോല്‍പ്പിച്ചു. അര്‍ജന്റീനക്കായി 35 ഗോളുകള്‍ നേടി.
വിമര്‍ശകര്‍ നമ്മുടെ പിഴവുകളാണ് ഓര്‍ത്തിരിക്കുക. നേട്ടങ്ങള്‍ അവര്‍ മറന്ന് പോകുമെന്ന്് ഗോണ്‍സാലോ പറഞ്ഞു.
2007, 2008 സീസണുകളില്‍ സ്പാനീഷ് ലീഗ് കിരീടം ചൂടിയ റയല്‍ മാഡ്രിഡ് ടീമില്‍ അംഗമായിരുന്നു. 2017, 2018 വര്‍ഷങ്ങളില്‍ യുവന്റസിന് ഇറ്റാലിയന്‍ ലീഗ് കിരീടം നേടിക്കൊടുത്തു.
















