ന്യൂദല്‍ഹി : ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാനുള്ള തീരുമാനം 2014ല്‍ എഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ എടുത്തതാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്.
മിഷന്‍ ശക്തി എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമാണ്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തെ വിമര്‍ശിച്ചവരെ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവര്‍ ഈ നേട്ടത്തിന്റെ പ്രധാന്യം മനസ്സിലാക്കാം.
ബഹിരാകാശമേഖലയുടെ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയാണ്. അതിനാല്‍ ബഹിരാകാശ രംഗത്തെ സുപ്രധാനനേട്ടം അദ്ദേഹം രാജ്യത്തെ അറിയിച്ചതില്‍ എന്താണ് തെറ്റ്, ഇന്ത്യയുടെ ഈ നേട്ടത്തെ ജനങ്ങളെ അറിയിക്കേണ്ടതാണ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഇത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന നേട്ടമാണിതെന്ന് മനസ്സിലാക്കേണ്ടതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
















