ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ വരുണ്‍ ഗാന്ധിയും സുല്‍ത്താന്‍പൂരില്‍ മേനകാ ഗാന്ധിയും മത്സരിക്കും. ഇരുവരുടേയും സിറ്റിങ് സീറ്റുകളാണിവ. വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് പോകുമെന്ന മോദി വിരുദ്ധ മാധ്യമങ്ങളുടെ നാളുകളായുള്ള പ്രചാരണത്തിന് ഇതോടെ അവസാനമായി.
മൂന്നാംഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23നാണ് പിലിഭിത്തിലെ ജനവിധി. ആറാംഘട്ടത്തിലാണ് സുല്‍ത്താന്‍പൂരില്‍ വോട്ടെടുപ്പ്. ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപി ജയപ്രദ രാംപൂരില്‍ നിന്ന് മത്സരിക്കും. രാംപൂരില്‍ എസ്പി നേതാവ് അസംഖാനെതിരെയാണ് ജയപ്രദയുടെ മത്സരമെന്നത് ശ്രദ്ധേയം. ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ജയപ്രദ അംഗത്വം സ്വീകരിച്ചു.
മുതിര്‍ന്ന ബിജെപി നേതാവും നിലവിലെ എംപിയുമായ മുരളീമനോഹര്‍ ജോഷി ഇത്തവണ മത്സരരംഗത്തില്ല. എണ്‍പത്തഞ്ച് വയസുള്ള ജോഷി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാണ്‍പൂരില്‍ സത്യദേവ് പച്ചൂരിയാണ് ബിജെപി സ്ഥാനാര്‍ഥി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ നിലവിലെ എംപി ലല്ലു സിങ് തന്നെ വീണ്ടും മത്സരിക്കും. അലഹബാദില്‍ നിന്ന് യോഗി മന്ത്രിസഭയിലെ യുപി ടൂറിസം മന്ത്രിയും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ റീത്ത ബഹുഗുണ ജോഷിയാണ് മത്സരിക്കുന്നത്.
കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഗാസിപൂരില്‍ നിന്നും ജഗദംബികാപാല്‍ ദൊമരിയാഗഞ്ചില്‍ നിന്നും രമാശങ്കര്‍ കട്ടാരിയ ഇറ്റാവയില്‍ നിന്നും മത്സരിക്കും. ഫത്തേപൂരില്‍ നിന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി, കൗശംബിയില്‍ നിന്ന് എസ്‌സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ വിനോദ് സോംകര്‍ എന്നിവരും ജനവധിതേടും. യുപിയിലെ 29 മണ്ഡലങ്ങളിലെയും ബംഗാളിലെ പത്തു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്.
















