പാലക്കാട്: സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
യുവതിയുടെ പരാതിയില്‍ വ്യാഴാഴ്ച മങ്കര, ചെര്‍പ്പുളശ്ശേരി പോലീസ് സംയുക്തമായി തെളിവെടുപ്പ് ആരംഭിച്ചിരുന്നു. കാമുകനും സംഘടനയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നയാളുമായ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിക്കുകയായിരുന്നു.
മാര്‍ച്ച് 16ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പീഡന വാര്‍ത്ത പുറത്തറിയുന്നത്.
ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പറഞ്ഞത്. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയപ്പോള്‍ യുവാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
















