ധര്‍മശാല: തന്റെ പിന്‍ഗാമിയെ ഇന്ത്യയില്‍ നിന്ന് കണ്ടെത്തണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. തനിക്ക് ശേഷം ചൈനയില്‍ നിന്നുള്ളയാളെ അടുത്ത നേതാവാക്കാന്‍ ബീജിങ്ങില്‍ നിന്ന് ചരടുവലികള്‍ നടക്കുന്നതായും അത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ധര്‍മശാലയില്‍ പലായനത്തിന്റെ വാര്‍ഷികാഘോഷ ദിനത്തില്‍ വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ദലൈലാമയുടെ പുനരവതാരത്തെ ഏറെ പ്രാധാന്യത്തോടെയാണ് ചൈന കാണുന്നത്. എന്നേക്കാള്‍ അടുത്ത ദലൈലാമയുടെ വിഷയത്തിലാണ് അവര്‍ക്ക് താത്പര്യം, അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഓരോ ദലൈലാമമാര്‍ ഉണ്ടായാല്‍, ചൈനയില്‍ നിന്നുള്ള ലാമ ആദരിക്കപ്പെടുകയോ മറ്റുള്ളവര്‍ അദ്ദേഹത്തെ വിശ്വസിക്കുകയോയില്ല.
ചൈനീസ് സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശം എന്ന നിലയ്‌ക്ക് പുതിയ ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള അധികാരം ചൈനീസ് നേതാക്കള്‍ക്കുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, നിലവിലുള്ള ലാമ മരണശേഷം ഒരു കുഞ്ഞിന്റെ ശരീരത്തിലൂടെ പുനരവതരിക്കുമെന്നാണ് ടിബറ്റന്‍ ജനതയുടെ വിശ്വാസം. അതിനാല്‍ ചൈനയുടെ ഭാഗത്തു നിന്നുള്ള ഏതൊരു നീക്കവും തങ്ങളുടെ ജനതയെ സ്വാധീനിക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നു.
ടിബറ്റന്‍ ജനതയും അവിടെ നിന്ന് പലായനം ചെയ്തവരും തമ്മില്‍ ബന്ധപ്പെടുന്നത് അടുത്തകാലത്ത് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ചൈനയും ടിബറ്റും തമ്മില്‍ 2010ന് ശേഷം ചര്‍ച്ച നടത്തിയിട്ടേയില്ല, അദ്ദേഹം പറഞ്ഞു.
















