ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായി നാവികസേന. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യയും, ആണവ അന്തര്‍വാഹിനികളും പാക്കിസ്ഥാനെ ലക്ഷ്യമാക്കി നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാവികസേനയും തീരസംരക്ഷണസേനയും ചേര്‍ന്ന് ജനുവരി മുതല്‍ മാര്‍ച്ച് ആദ്യം വരെ ട്രോപ്പെക്‌സ് 19 എന്ന പേരില്‍ അറബിക്കടലില്‍ നാവികാഭ്യാസം നടത്തിയിരുന്നു. ഇതിനു ശേഷം ഇതില്‍ പങ്കെടുത്ത നാവികസേനയുടെ കപ്പലുകളാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട് നീങ്ങിയതെന്നാണ് വിവരം.
നാവികസേനയുടെ 60 കപ്പലുകള്‍, തീരദേശ സേനയുടെ 12 കപ്പലുകള്‍, 60 വിമാനങ്ങള്‍ എന്നിവ സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. ഇവയെല്ലാം നാവിക സേനാ വിന്യസിച്ചിരുന്നു, നാവികസേനാ വക്താവ് ക്യാപ്ടന്‍ ഡി.കെ. ശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ മേധാവിത്വ കാരണം പാക് നേവിക്ക് മക്രാന്‍ തീരത്തിനടുത്തായി ഒതുങ്ങേണ്ടിവന്നു.
















