പത്തനംതിട്ട: അമ്മയുടെ മുന്നില്‍ രണ്ട് മക്കളെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരന്‍ റാന്നി കീക്കൊഴൂര്‍ മാടേത്തത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോ (47)ക്ക് വധശിക്ഷ. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എന്‍. ഹരികുമാര്‍ ആണ് ശിക്ഷ വിധിച്ചത്. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷൈബു (മാത്യൂചാക്കോ)-ബിന്ദു ദമ്പതികളുടെ മക്കളായ മെല്‍വിന്‍(7), മെവിന്‍ (3)എന്നിവരെയാണ് പ്രതി ദാരുണമായി കൊലപ്പെടുത്തിയത്.
ഷൈബുവിന്റെ സഹോദരനാണ് പ്രതിയായ ഷിബു. കുട്ടികളുടെ അമ്മയ്‌ക്ക്് 5,45,000 രൂപ പ്രതി നല്‍കാനും കോടതി വിധിച്ചു. തുക നല്‍കാത്തപക്ഷം അത് നിയമപരമായി ഈടാക്കാനും നടപടി സ്വീകരിക്കും. കുടുംബവസ്തുതര്‍ക്കങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2013 ഒക്ടോബര്‍ 27ന് രാവിലെയായിരുന്നു സംഭവം. രാവിലെ 7.30ന് ഓട്ടായില്‍ വീട്ടുമുറ്റത്ത് വന്നിറങ്ങിയ ഷിബു മുറ്റത്ത് നിന്ന ഏഴുവയസുകാരന്‍ മെല്‍വിനെ കുത്തി കൊലപ്പെടുത്തി. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട് അമ്മ ബിന്ദു ഓടിയെത്തി. തടയാന്‍ ശ്രമിച്ച ഇവരുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ദേഹോപദ്രവം ഏല്‍പിക്കുകയും തുടര്‍ന്ന് വീട്ടിനുള്ളില്‍ കടന്ന് ചാരുകസേരയില്‍ ഇരുന്ന മൂന്നുവയസുകാരന്‍ മെവിന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കുപ്പിയില്‍ കരുതിയിരുന്ന ഡീസല്‍ താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും കിടപ്പുമുറികളിലും ഒഴിച്ച് തീ ഇട്ടശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടികളുടെ അച്ഛന്‍ ഷൈബു ഈ സമയം ഗള്‍ഫിലായിരുന്നു. 2017ല്‍ വിചാരണ ആരംഭിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 35 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 15 തൊണ്ടിമുതലുകളും തെളിവായി സ്വീകരിക്കുകയും ചെയ്തു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസില്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്നും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ എസ്. മനോജ് വാദിച്ചു. റാന്നി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാന്നി സിഐ ആയിരുന്ന ജെ. ഉമേഷ്ഏകുമാറാണ് അന്വേഷണം നടത്തിയത്. ശിക്ഷാ വിധികേട്ടിട്ടും പ്രതിക്ക് യാതൊരു കൂസലും ഉണ്ടായില്ല. ഐന്തങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ താന്‍ നിരപരാധി ആണെന്നാണ് പ്രതി മറുപടി പറഞ്ഞത്.
















