ന്യൂദൽഹി ; ഇസ്ലാമിക് ഭീകര സംഘടനയായ സിമിയുടെ നിരോധനം അഞ്ചു വർഷത്തേയ്‌ക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
സിമിയുടെ നിയമവിരുദ്ധപ്രവർത്തനങ്ങൾ ഉടൻ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തില്ലെങ്കിൽ വിധ്വംസക പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോവുമെന്നും ദേശവിരുദ്ധവികാരവും, വിഘടനവാദവും വളർത്തി രാജ്യത്തിനു ഭീഷണിയാകുമെന്നും ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തിൽ പറയുന്നു. സംഘടനയെ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ചിതറിപ്പോയ അംഗങ്ങള്‍ വീണ്ടും ഒത്തുചേരുമെന്നും അത് രാജ്യത്തിന് ഭീഷണിയാവുമെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു.
നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിന്റെ മൂന്നാം വകുപ്പിലെ ഒന്ന്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് നിരോധനം. സിമി പ്രവർത്തകർ പ്രതികളായ 58 കേസാണ് സർക്കാർ പട്ടികയിലുള്ളത്. 1977-ൽ അലിഗഢിലാണ് സിമി രൂപവത്കരിച്ചത്. 2001 ലാണ് ആദ്യമായി സംഘടന നിരോധിച്ചത്.
2007 ഡിസംബറില്‍ വാഗമണിലെ തങ്ങള്‍ പാറയില്‍ ഭീകരസംഘടനയായ സിമിയിലെ അംഗങ്ങള്‍ രഹസ്യയോഗം ചേര്‍ന്ന് സ്‌ഫോടക വസ്തുക്കൾ, തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ എന്നിവയിൽ പരിശീലനം നേടുകയും ചെയ്തിരുന്നു. നാല് മലയാളികളടക്കം പങ്കെടുത്ത സംഭവത്തില്‍ പഴയ പാനായിക്കുളം സിമി കേസിലെ പ്രതികളും ഉള്‍പ്പെട്ടിരുന്നെങ്കിലും പോലീസോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമോ ഇക്കാര്യം അറിഞ്ഞതേയില്ല.
ഇതിനിടെ ഗുജറാത്തില്‍ പിടിയിലായ ഭീകരരില്‍ നിന്നും ലഭിച്ച വിവരം അവിടുത്തെ പോലീസ് കേരളത്തിന് കൈമാറിയെങ്കിലും അവഗണിക്കപ്പെട്ടു. ബിജെപിക്ക് കീഴിലുള്ള ഗുജറാത്ത് പോലീസിന് പ്രത്യേക അജണ്ട ഉണ്ടെന്നായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയും 38 പേര്‍ പ്രതിപ്പട്ടികയില്‍ ഉൾപ്പെടുകയും ചെയ്തു.
















