തിരുവനന്തപുരം: അധികാരത്തിനുവേണ്ടി തൊഴിലാളി സ്‌നേഹം പറയുകയും അധികാരം കിട്ടിയാല്‍ തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്യുന്ന നയമാണ് ഇടതുപക്ഷത്തിന്റേതെന്ന് ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വ്രജേഷ് ഉപാദ്ധ്യായ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറിയനാള്‍ മുതല്‍ തൊഴിലാളികളെ ദ്രോഹിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. മൂവായിരത്തിലധികം വരുന്ന തൊഴിലാളികളുള്ള കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നു. ഏഴ് ലക്ഷത്തോളം വരുന്ന കയര്‍തൊഴിലാളികളെ പട്ടിണിയിലാക്കി.
പ്ലാന്റേഷന്‍ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. 12 ലക്ഷത്തിലധികം വരുന്ന തോട്ടം തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷയില്ല. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കേന്ദ്രം നല്‍കുന്ന 60 ശതമാനം തുക മറ്റ് മേഖലകളിലേക്ക് വകമാറ്റി ചെലവഴിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബംഗാളും ത്രിപുരയും വര്‍ഷങ്ങളോളം ഭരിച്ച് അവിടത്തെ ജനങ്ങളെ ദരിദ്രരാക്കി മാറ്റി. തൊഴിലാളികളുടെ പേരു പറഞ്ഞ് അധികാരത്തിലേറി മുതലാളിമാരെ കൂട്ടുപിടിച്ച് ഭരണം നടത്തിയതിന്റെ മറുപടിയാണ് അവിടത്തെ ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തൊഴിലില്ലായ്‌മയും വിലവര്‍ധനയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ കൊല ചെയ്യുന്ന കൊലയാളികള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും വ്രജേഷ് ഉപാദ്ധ്യായ പറഞ്ഞു. ദുഷ്ടന്‍ ശക്തനായാല്‍ ആ നാട് നശിക്കും എന്നാണ് പറയപ്പെടുന്നത്. അതുപോലെയാണ് കേരളത്തിലെ ഇടതുപക്ഷ ഭരണമെന്ന് ബിഎംഎസ് ദക്ഷിണമേഖല സംഘടനാ സെക്രട്ടറി ദുരൈരാജ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബി. ശിവജി സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു.
















