കോഴിക്കോട് : സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത ഉന്നയിച്ച് ഭാര്യ സീന ഭാസ്‌കറും ചികിത്സിച്ച ഡോക്ടറും രംഗത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജന:സെക്രട്ടറി കെ.സുരേന്ദ്രന്‍.
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ ദുരൂഹത ആരോപിച്ചും സംശയാസ്പദമായ വസ്തുതകള്‍ നിരത്തിയ സുരേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെട്ടത്.
അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കാര്‍ കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണെന്ന് പോസ്റ്റില്‍ സുരേന്ദ്രന്‍ പറയുന്നു. അവസാന കാലത്ത് സഖാവ് അഭിമന്യവുമായി ബന്ധപ്പെട്ട പുസ്തക രചനയിലായിരുന്നു ബ്രിട്ടോയെന്നതും ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളില്‍ പങ്കെടുത്തതും സുരേന്ദ്രന്‍ പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്.
തീവ്രവാദികളാല്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കേസ്സന്വേഷണത്തിലെ പിഴവുകളെ സംബന്ധിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ അഭിമന്യുവിനെ ചുമതലപ്പെടുത്തിയതായുമുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു. അവസാനകാലത്ത് ബ്രിട്ടോ ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു.
പ്രതികൂല പരിതസ്ഥിതിയോടു പൊരുതി പൊതുരംഗത്ത് നിത്യവിസ്മയമായി വിരാജിച്ച ബ്രിട്ടോ കേരളത്തിന്റെ ഒരു പൊതുസ്വത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും പോസ്റ്റില്‍ പറയുന്നു.
















