കൊച്ചി: ഐസ് ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒത്തുകളിച്ച സര്‍ക്കാര്‍ കെടുകാര്യസ്ഥത കാട്ടിയെന്ന് വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. കേസ് അട്ടിമറിച്ചെന്ന കെ.എ. റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ നടപടികള്‍ കോടതി അവസാനിപ്പിച്ചതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് വിഎസിന്റെ അഭിഭാഷകന്റെ നിലപാട്.
ഹര്‍ജി പരിഗണിക്കവെ 22 വര്‍ഷമായി തുടരുന്ന കേസാണിതെന്നും അടിയന്തരമായി തീര്‍പ്പാക്കണമെന്നും വിഎസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും സിംഗിള്‍ ബെഞ്ച് നിരസിച്ചു. കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കാലഹരണപ്പെട്ട കേസ് അല്ലേയിതെന്നും കോടതി വാക്കാല്‍ പറഞ്ഞു. പഴയ കേസ് കുത്തിപ്പൊക്കുകയാണോയെന്നും ആരാഞ്ഞു. ഹര്‍ജി നില നില്‍ക്കുമോയെന്ന് പരിശോധിക്കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജി മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി.
കഴിഞ്ഞ 2017 ഡിസംബര്‍ 23 നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചതെന്ന് വിഎസിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസിലെ എതിര്‍ കക്ഷികളിലൊരാളായ അഡ്വ. വി.കെ. രാജുവുമായി സര്‍ക്കാര്‍ ഒത്തുകളിച്ച് നീതി നടപ്പാക്കുന്നതില്‍ കെടുകാര്യസ്ഥത കാട്ടിയെന്നും വിഎസിന്റെ അഭിഭാഷകന്‍ ആരോപിച്ചു.
കോടതി കേസ് അവസാനിപ്പിച്ചതിനെതിരെ സര്‍ക്കാരായിരുന്നു റിവിഷന്‍ ഹര്‍ജി നല്‍കേണ്ടിയിരുന്നത്. അതുണ്ടായില്ല. തുടര്‍ന്നാണ് വിഎസിന് ഹര്‍ജി നല്‍കേണ്ടി വന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നും ആ നിലയ്‌ക്ക് സര്‍ക്കാരിന് അപ്പീല്‍ നല്‍കാനാവില്ലെന്നും വി.കെ. രാജുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കേസ് അട്ടിമറിക്കാന്‍ മുന്‍ ജഡ്ജിമാര്‍ക്കും മറ്റും പണം നല്‍കിയെന്ന റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് 2011 ലാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മുന്‍ ജഡ്ജിമാരടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അഡ്വ. വി.കെ. രാജു കേസില്‍ കക്ഷി ചേര്‍ന്നത്. എന്നാല്‍ മറ്റാരുടെയോ പദ്ധതിയനുസരിച്ചാണ് രാജു ഇടനിലക്കാരനായി കക്ഷി ചേര്‍ന്നതെന്നും ഇയാളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നുമാണ് വിഎസിന്റെ ആരോപണം.
















