ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പൊതു ക്ഷേത്രമെന്നും ക്ഷേത്ര സ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നും തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍. ക്ഷേത്രത്തിന്റെ സ്വത്ത് രാജ കുടുംബത്തിന്റെ കുടുംബ സ്വത്തോ സ്വകാര്യ സ്വത്തോ അല്ല. എന്നാല്‍ ക്ഷേത്ര ഭരണത്തിന്റെ അവകാശം തങ്ങള്‍ക്കാണുള്ളതെന്നും രാജകുടുംബം വ്യക്തമാക്കി. സ്വകാര്യ ക്ഷേത്രമെന്നാണ് നേരത്തെ ഹൈക്കോടതിയില്‍ രാജകുടുംബം നിലപാട് സ്വീകരിച്ചിരുന്നത്.
ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബമുള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ ഇന്നലെ സുപ്രീംകോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് വാദം പൂര്‍ത്തിയായതിന് ശേഷമോ ഇതിനിടയിലോ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. അമിക്കസ് ക്യൂറിയായി പുതുതായി ആരെയും നിയമിക്കേണ്ട സാഹചര്യമില്ല. ആവശ്യമെങ്കില്‍ പിന്നീട് ആലോചിക്കും. അദ്ദേഹം വ്യക്തമാക്കി.
അമിക്കസ് ക്യൂറിയായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ പിന്മാറിയിരുന്നു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2011 ജനവരി 31ന് ക്ഷേത്രം കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. വാദം ഇന്നും തുടരും.
















