സന്നിധാനം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനായി അയ്യപ്പന്റെ സന്നിധിയിലും അയ്യപ്പജ്യോതി തെളിഞ്ഞു. ഇന്നലെ വൈകുന്നേരം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധാനയക്ക്‌ശേഷമാണ് അയ്യപ്പജ്യോതി തെളിച്ചത്. മാളികപ്പുറത്തിന് താഴെയായി നൂറോളം ഭക്തര്‍ ശരണം വിളികളോടെ ദീപം തെളിച്ചു.
തട്ടത്തില്‍ തേങ്ങാമുറിക്കുള്ളില്‍ നെയ്യൊഴിച്ച് എള്ള് കെട്ടിയ തിരിയില്‍ ദീപം തെളിച്ചു. കര്‍പ്പൂരാഴിയും ശരണവിളികളും കൊണ്ട് അന്തരീക്ഷം ഭക്തി സാന്ദ്രമായി. അരമണിക്കൂറോളം അയ്യപ്പജ്യോതി നീണ്ടുനിന്നു. ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തര്‍ ഒന്നടങ്കം ശരണംവിളികളോടെ അയ്യജ്യോതിയുടെ ഭാഗമായി.
















