ആലപ്പുഴ: വ്യത്യസ്ത പ്രമേയങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ മോഹിനിയാട്ട വേദി.
ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം മത്സരങ്ങള്‍ അരങ്ങേറിയ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളിലെ വേദിയില്‍ മണ്ണാറശാല നാഗരാജാവിന്റെ കഥയുമായാണ് കാര്‍ത്തികപ്പള്ളി സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സായി വൃന്ദ എത്തിയത്. ലോകായുക്തയില്‍ നിന്ന് ലഭിച്ച അപ്പീലിലൂടെയായിരുന്നു സായി വൃന്ദയ്‌ക്ക് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്.
മണ്ണാറശാലയില്‍ ഉരുളി കമിഴ്‌ത്തുന്നതും മണ്ണാറശാല അമ്മയ്‌ക്ക് നാഗരാജാവ് പിറന്ന ഐതിഹ്യവും ആണ് അവതരിപ്പിച്ചത്. എട്ടുവര്‍ഷമായി ആര്‍എല്‍വി അഖില്‍ കൃഷ്ണന്റെ കീഴിലാണ് സായിവൃന്ദ നൃത്തം അഭ്യസിക്കുന്നത്. വീരേന്ദ്രകുമാര്‍ – സ്മിത ദമ്പതികളുടെ മകളാണ്. സഹോദരി സായികൃഷ്ണയ്‌ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് ലഭിച്ചു.
മൂന്നു മത്സരാര്‍ഥികള്‍ പൂതനാമോക്ഷമാണ് അവതരിപ്പിച്ചത്. സത്യഭാമയുടെ വിരഹം വ്യത്യസ്തമായി അഷ്ടനായിക എന്ന ആശയത്തില്‍ പുനരാവിഷ്‌കരിച്ചതും ശ്രദ്ധേയമായി. വ്യത്യസ്ത പ്രമേയങ്ങള്‍ക്കൊപ്പം കലാസ്വാദകര്‍ നിറഞ്ഞ വേദിയും മോഹിനിയാട്ട മത്സരത്തിന് ഊര്‍ജ്ജം പകര്‍ന്നു. കൂടാതെ കചദേവയാനി, പൂതനാമോക്ഷം, രാമന്റെ ലോകനായക സങ്കല്പം, രാധാമാധവം തുടങ്ങി ഒട്ടേറെ കഥകളും മോഹിനിയാട്ട വേദിയില്‍ കൈയടി നേടി.
















