ആലപ്പുഴ: കൗമാരകലോത്സവത്തിന് തിരിതെളിഞ്ഞത് അതിജീവനത്തിന്റെ സന്ദേശമുയര്‍ത്തി. ഇന്നലെ രാവിലെ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളിലെ പ്രധാനവേദിയില്‍ 59 മണ്‍ചെരാതുകള്‍ തെളിയിച്ചാണ് ഒരുമയുടെ ഉത്സവത്തിന് തുടക്കമായത്. പ്രളയത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഉദ്ഘാടന ചടങ്ങ് വേറിട്ടതാക്കി മാറ്റി. വിദ്യാര്‍ഥികള്‍ തന്നെ മണ്‍ചെരാതുകള്‍ തെളിയിച്ചതിന് മന്ത്രിമാര്‍ സാക്ഷികളായി.
വേദിക്കു മുന്നിലായി 59 വാഴത്തടകളെ കുരുത്തോല ചാര്‍ത്തി അലങ്കരിച്ചിരുന്നു. അതിലേക്കാണ് ചെരാതുകള്‍ തെളിച്ചു വച്ചത്. കഥകളി, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, ഒപ്പന, മാര്‍ഗംകളി, തിരുവാതിരകളി, യക്ഷഗാനം, ദഫ്മുട്ട്, കോല്‍ക്കളി, പൂരക്കളി, നാടന്‍പാട്ട്, കേരളനടനം തുടങ്ങിയ കലാമത്സര ഇനങ്ങളുടെ വേഷങ്ങളിലെത്തിയ ആതിഥേയ ജില്ലയിലെ വിവിധ സ്‌കൂളിലെ കൂട്ടികളാണ് തിരി തെളിച്ചത്. തുടര്‍ന്ന് വേദിയില്‍ തിരശീല ഉയര്‍ന്നു.
”അതിജീവനമീ ജീവിതം, അതിനതിരില്ലെന്നീ മാനവം. ചിറകുകളൊരുമയിലൊരേ സ്വരത്തില്‍, സൂര്യമുഖം തേടുന്ന ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്നു” എന്ന ഗാനം മുപ്പത് വേദികളെ പ്രതിനിധീകരിച്ച് 30 കുട്ടികള്‍ ആലപിച്ചു. ആലപ്പുഴ അംബേദ്കര്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു എല്ലാവരും.
സ്വാഗതഗാനമെഴുതിയ വലിയഴീക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകന്‍ പുന്നപ്ര ജ്യോതികുമാറും ഈണമൊരുക്കിയ കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറും പുന്നപ്ര യുപിഎസിലെ പ്രമോദ്കുമാറും വേദിയിലുണ്ടായിരുന്നു. ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് നഗരം കലോത്സവ ലഹരിയിലേക്ക് ഉണര്‍ന്നത്. ഇനി രണ്ട് പകലിരവുകള്‍ കലയുടെ പൂരം.
















