കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ തടവിലിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോഴിക്കോട്ട് നടന്ന കൂട്ടായ്‌മ. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്‌മ ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ഭയപ്പാടിന്റെ അന്തരീക്ഷമാണ് എങ്ങുമുള്ളതെന്നും സുരേന്ദ്രന്‍ ഒരു പ്രതീകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കുന്നവര്‍ കേരളത്തിലെന്തു സംഭവിക്കുന്നെന്ന് അത്ഭുതപ്പെടുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും സമരം ചെയ്യേണ്ടിവരുന്നു. ബ്രിട്ടീഷുകാര്‍ പോയതിന് ശേഷം സ്വാതന്ത്ര്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ബ്രിട്ടീഷുകാര്‍ നാടുനീങ്ങിയിട്ടും ലോകത്തെ ഏറ്റവും നല്ല ഭരണഘടന നിലവില്‍ വന്നിട്ടും അതില്‍ മൗലികാവകാശം എഴുതിച്ചേര്‍ത്തിട്ടും തോണി തിരുനക്കര തന്നെയാണ്.
കാലം കഴിയുന്തോറും മനുഷ്യാവകാശലംഘനങ്ങളും വ്യക്തിപീഡനങ്ങളും കൂടുകയാണ്. കെ. സുരേന്ദ്രനെ വീണ്ടും പീഡിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്. ഈ സമരത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ലെന്നും കൂടുതല്‍ കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വോദയ നേതാവ് തായാട്ട് ബാലന്‍, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.പി.എം. നിയാസ്, ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്‍, പി.കെ. സുപ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















