കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്നെന്ന് പറയുന്ന ബോംബാക്രമണത്തില്‍ പാര്‍ട്ടി തയാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ച് നടപടിയുമായി ക്രൈംബ്രാഞ്ച്. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ജില്ലാ കാര്യവാഹ് എന്‍.പി. രൂപേഷ്, കുളങ്ങരത്ത് സ്വദേശി ഷിജിന്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരാണ് അക്രമം നടത്തിയതെന്നും തെളിവുകളുണ്ടെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇവരുള്‍പ്പെടെ നാലുപേരെയാണ് ഇന്നലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്നാല്‍, മറ്റു രണ്ടു പേരെ പോലീസ് വിട്ടയച്ചു.
ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് തെളിവായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തും മുമ്പ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇത് പ്രതികളെ തിരിച്ചറിയുന്നതിനാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
2017 ജൂണ്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം ഉണ്ടായതായി പറയുന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നായിരുന്നു പോലീസ് നിലപാട്. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം തന്നെ ആര്‍എസ്എസുകാരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം നേതാക്കള്‍ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ യാതൊരു തെളിവുമില്ലാതെ കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ചു.
പാര്‍ട്ടി ഓഫീസിനുനേരെ ബോംബെറിഞ്ഞുവെന്ന് പറഞ്ഞ നേതാക്കള്‍ പിന്നീട് പാര്‍ട്ടി സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായെന്ന് വ്യാഖ്യാനിച്ചു. അതിന്റെ മറവില്‍ ബിഎംഎസ് ജില്ലാ കാര്യാലയം ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍, വീടുകള്‍, പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. സിപിഎം ഓഫീസിന് നേരെ നടന്നെന്നു പറയുന്ന അക്രമവുമായി ബന്ധപ്പെട്ട തെളിവുകള്‍ സിപിഎമ്മിന് എതിരെ തിരിയുമെന്ന ഘട്ടത്തിലാണ് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജയനാഥനെ സ്ഥലം മാറ്റിയത്. സിപിഎം ലിസ്റ്റ് പ്രകാരം പ്രതിപട്ടിക തയയ്യാറാക്കണമെന്ന നിര്‍ദേശം അംഗീകരിക്കാതിരുന്നതാണ് കമ്മീഷണറുടെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. സര്‍വകക്ഷി സമ്മേളനത്തില്‍ കമ്മീഷണര്‍ നേരിട്ട് തന്റെ സംശയങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനാണ് തുടര്‍ന്ന് കേസ് അന്വേഷിച്ചത്.
















