ഗാന്ധിനഗര്‍ (കോട്ടയം): ജനം ചാനല്‍ കാണുന്നതില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആര്‍എംഒയുടെ വിലക്ക്. കഴിഞ്ഞദിവസം വൈകിട്ടാണ് ഇതോടനുബന്ധിച്ച സംഭവം നടന്നത്.
ശബരിമലയില്‍ നടക്കുന്ന സംഭവങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ജനം ചാനലാണ്. ടിവി നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ജനം ചാനല്‍ വെക്കാന്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ജനം ചാനല്‍ വെച്ചുകൊടുത്തു. ശബരിമലയിലെ സംഭവങ്ങള്‍ ജനം ചാനലിലൂടെ കണ്ടുകൊണ്ടിരിക്കെ അവിടേക്ക് വന്ന ആര്‍എംഒ രോഗികളുടെ കൂട്ടിരിപ്പുകാരോട് തട്ടിക്കയറുകയും ജനം ചാനല്‍ മാത്രമേ കാണാനുള്ളോ എന്ന് ആക്രോശിക്കുകയും ചെയ്തു.
ജനം ചാനല്‍ ഇനി ആരും കാണേണ്ടന്ന് പറഞ്ഞ് ഇയാള്‍ ടിവി ഓഫാക്കി. ടിവി കണ്ടിരുന്നവര്‍ ഒന്ന് പ്രതിഷേധിക്കാന്‍ കൂടി കഴിയാതെ നിസ്സഹായരായി നോക്കിനിന്നു. എന്തുകാണണമെന്നും എന്ത് കേള്‍ക്കണമെന്നും നിശ്ചയിക്കുന്നത് തങ്ങളാണെന്ന ധാര്‍ഷ്ട്യമാണ് ആര്‍എംഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുകൂടിയായ ഇയാള്‍ സൂപ്രണ്ടിനെപ്പോലും നോക്കുകുത്തിയാക്കി സൂപ്പര്‍ പവ്വര്‍ കാണിക്കുന്നതായും ആക്ഷേപമുണ്ട്. ഈ വിവാദം നിലനില്‍ക്കുമ്പോഴാണ് ഇയാളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അസഹിഷ്ണുത ഉണ്ടാകുന്നത്.
മാനസിക പിരിമുറുക്കം കുറയ്‌ക്കാനും, മാനസിക ഉല്ലാസത്തിനും ആശുപത്രിയിലെ കിടപ്പുരോഗികളുടെ വാര്‍ഡായ രണ്ടും മൂന്നും വാര്‍ഡിന് മദ്ധ്യേയാണ് ടിവി സ്ഥാപിച്ചിട്ടുള്ളത്. രോഗികളുടെ കൂട്ടിരിപ്പുകാരെ ഉദ്ദേശിച്ചാണ് ടിവി സ്ഥാപിച്ചിട്ടുള്ളത്. ധാരാളം ആളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരുടെ ശ്രമഫലമായായാണ് ഒരു സ്വകാര്യ സ്ഥാപനം ടിവി സ്ഥാപിച്ചത്.
















