കൊല്ലം: കണ്ണൂര്‍ വീരബലിദാനികളുടെ മണ്ണാണെന്നും, അവിടെ പോകാന്‍ തനിക്ക് ഭയമില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പങ്കെടുക്കാത്ത പരിപാടികളുടെ പേരില്‍ പോലും കള്ളക്കേസുകള്‍ ചമച്ച് തന്നെ പ്രതി ചേര്‍ക്കാനാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും നീക്കമെന്നും അദ്ദേഹം പറഞ്ഞു. നിലയ്‌ക്കലില്‍ നിന്ന് കരുതല്‍ തടങ്കലിലെടുത്ത കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് കണ്ണൂര്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
പോലീസ് തനിക്ക് എതിരെ എത്ര കള്ളക്കേസുകള്‍ എടുത്താലും, താന്‍ നെഞ്ചുവേദന അഭിനയിക്കാന്‍ തയാറല്ലെന്നും കെ. സുരേന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നു. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞിരുന്ന കെ. സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.
















