കൊച്ചി: അഴീക്കോട് എം എല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തി സിംഗിള്‍ ബെഞ്ച് തീരുമാനം. എന്നാല്‍, സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സമയം അനുവദിച്ച കോടതി, വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയിട്ടുമുണ്ട്. വര്‍ഗീയപ്രചാരണം നടത്തിയാണ് ഷാജി വിജയിച്ചതെന്നും തനിക്കെതിരെ അപമാനകരവും അസത്യവുമായ പ്രചാരണം നടത്തിയെന്നും ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ഡി. രാജന്റെ ഉത്തരവ്.
ഹര്ജിക്കാരന് കോടതിച്ചെലവായി 50,000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. ഷാജിയെ അയോഗ്യനാക്കിയ നടപടിയും സ്റ്റേ അനുവദിച്ചതും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയമസഭാ സ്പീക്കറെയും അറിയിക്കാനും കോടതി ഉത്തരവിട്ടു. സ്റ്റേ അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ കോടതിച്ചെലവ് ഷാജി കെട്ടിവയ്ക്കണം.
നിയമസഭാംഗത്വം റദ്ദാക്കിയ വിധിക്കെതിരെ കെ.എം. ഷാജിയുടെ അഭിഭാഷകന് വീണ്ടും കോടതിയെ സമീപിച്ച് 30 ദിവസത്തെ സമയം തേടി. നികേഷ്കുമാറിന്റെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് രണ്ടാഴ്ച സ്റ്റേ അനുവദിച്ചത്. ഇക്കാലയളവില്‍ എംഎല്‍എ എന്ന നിലയില്‍ പ്രതിഫലം കൈപ്പറ്റരുത്, വോട്ടിങ്ങില്‍ പങ്കെടുക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ വേണമെന്നും നികേഷിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കാരുണ്യവാനായ അല്ലാഹുവിന്റെയടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ലെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും വ്യക്തമാക്കുന്ന നോട്ടീസാണ് കെ.എം. ഷാജിക്കു വേണ്ടി അഴീക്കോട് മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനു പുറമേ നികേഷിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ബാറുടമയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണവും സരിതയുമായി സംസാരിച്ചെന്ന ആരോപണവുമൊക്കെ ഉള്‍പ്പെടുത്തി ലഘുലേഖകളും വിതരണം ചെയ്തു.
ഇത്തരം നടപടികള്‍ സ്ഥാനാര്‍ഥിയുടെയോ തെരഞ്ഞെടുപ്പ് ഏജന്റിന്റെയോ അറിവോടെയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) എന്നീ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: