കൊല്ലം: സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്ക് കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. 2026-27 പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാക്കുന്നതിനായാണ് ബൈഠക്ക് സംഘടിപ്പിച്ചത്. ആര്‍എസ്എസ് സംസ്ഥാന സദ്ഭാവന സംയോജക് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത് അധ്യക്ഷനായി.
അടുത്ത ഒരു വര്‍ഷം സക്ഷമ കേരള സംസ്ഥാന ഘടകം നടപ്പിലാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സമ്മേളനം ചര്‍ച്ച ചെയ്തു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് ദേശീയ തലത്തിലുള്ള ‘സക്ഷം ഭാരത് 2026 നാഷണല്‍ എബിലിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഫെസ്റ്റ്’ എന്ന പരിപാടി ഒക്ടോബര്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. സെമിനാറുകള്‍, പോസ്റ്റര്‍ പ്രസന്റേഷനുകള്‍, നാഷണല്‍ എക്‌സ്‌പോ, കലാ സാംസ്‌ക്കാരിക പരിപാടികള്‍, തൊഴില്‍ മേള, ശില്പശാലകള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി ഉണ്ടാകും. പരിപാടിയുടെ സംഘാടകസമിതി ചെയര്‍മാന്‍ സദാനന്ദന്‍ മാസ്റ്റര്‍ എംപിയാണ്. ഡോ. സുരേഷ്‌കുമാര്‍ വര്‍ക്കിംഗ് ചെയര്‍മാനായും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെ സംഘാടകനായ ഡോ. സുനില്‍ കുമാര്‍ ഫെസ്റ്റിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിക്കും. സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. സുരേഷ്‌കുമാര്‍ ഫെസ്റ്റിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയാകും.
ആഗസ്ത് മാസം നടക്കുന്ന സമ്പര്‍ക്ക പരിപാടിയില്‍ ഭിന്നശേഷി വീടുകളില്‍ സന്ദര്‍ശിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പി. സുന്ദരം, രഘുനാഥന്‍ നായര്‍, എ.എസ്.പ്രദീപ്, ടി.ബി. സുരേഷ് കുമാര്‍, പി.സുഭാഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ്, കൊല്ലം ജില്ലാ സെക്രട്ടറി സുബ്രഹ്‌മണ്യന്‍. പി തുടങ്ങിയവര്‍ പങ്കെടുത്തു.
















