ഹരിപ്പാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.
ഇന്നലെ രാവിലെ 6.45ന് ദേശീയപാത നങ്ങ്യാര്‍കുളങ്ങര സൗഗന്ധിക റസിഡന്‍സിക്ക് സമീപമായിരുന്നു അപകടം. അവസാനവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ മാവേലിക്കര ഉമ്പര്‍നാട് നടാപള്ളില് വീട്ടില്‍ ശങ്കര്‍ കുമാര്‍ (20), ചെങ്ങന്നൂര്‍ മുളക്കുഴ മംഗലത്ത് കിരണ്‍നിവാസില്‍ കിരണ്‍ കൃഷ്ണ (19) എന്നിവരാണ് വെന്തുമരിച്ചത്. എതിരെ വന്ന ലോറിയിലിടിച്ച ബൈക്കിന്റെ പെട്രോള്‍ടാങ്ക് പൊട്ടി തീ പിടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന ശങ്കര്‍കുമാര്‍ ബൈക്കിലിരുന്ന് തന്നെ വെന്തുമരിച്ചു. പിന്നില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണ കിരണ്‍ കൃഷ്ണയ്ക്ക് സാരമായി പൊള്ളലേറ്റു. ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച കിരണിനെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
സ്ഫോടനവും ബൈക്ക് കത്തുന്നതും കണ്ട് സമീപത്തുണ്ടായിരുന്ന ബിഎംഎസ് പ്രവര്‍ത്തകരും പരിസരവാസികളും ചേര്‍ന്ന് തീയണച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. ഇരുവരും സഹപാഠികളാണ്. കോയമ്പത്തൂരില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്നു. കോയമ്പത്തൂര്‍ കര്‍പ്പകം യൂണിവേഴ്സിറ്റി കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. കിരണ്‍ കൃഷ്ണന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ശിവകുമാറും സുധാകുമാരിയുമാണ് ശങ്കര്കുമാറിന്റെ മാതാപിതാക്കള്‍. സഹോദരന് ഗണേഷ്കുമാര്. ഖത്തറില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണകുറുപ്പാണ് കിരണിന്റെ അച്ഛന്. അമ്മ ഗീതാകുമാരി. സഹോദരന് തരുണ്കൃഷ്ണന്.അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തൂത്തുക്കുടി സ്വദേശി നാരായണനെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: