കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ പിടിവാശി കാണിക്കുന്ന സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് പുറത്ത്. സിപിഎം നിയന്ത്രണത്തിലുള്ള കമ്മിറ്റി ഭരണം നടത്തുന്ന ആരാധനാലയത്തില്‍ ആചാരപരമായി സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന പാര്‍ട്ടി വാദം പൊളിഞ്ഞു.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കല്യാശ്ശേരി കീച്ചേരിയില്‍ പാര്‍ട്ടി അംഗങ്ങള്‍ ഭാരവാഹികളായ പാലോട്ട് കാവിലാണ് ക്ഷേത്ര തിരുമുറ്റത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത്. വിവാദം ശക്തമായതിന് പിന്നാലെ സ്ത്രീ പ്രവേശനം വിലക്കി സ്ഥാപിച്ചിരുന്ന ക്ഷേത്രച്ചുമരിലെ ബോര്‍ഡ് കാണാനില്ല.
പ്രധാന ഉത്സവകാലമായ വിഷു മുതല്‍ ഏഴുനാളുകളിലടക്കം സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. നിരവധി പേര് തിരുമുറ്റത്ത് ദൈവക്കോലങ്ങളെ തൊഴുന്ന ക്ഷേത്രത്തില്‍, സ്ത്രീകള്‍ മതിലിനു പുറത്ത് നില്‍ക്കണമെന്ന ആചാരം വര്‍ഷങ്ങളായി തുടരുകയാണ്. ക്ഷേത്രക്കുളത്തിലിറങ്ങാനും സ്ത്രീകള്‍ക്ക് അവകാശമില്ല. കാവിന്റെ കന്നിമൂലയിലാണിവിടെ ഗണപതിക്കു സ്ഥാനം. അതിനാലാണ് കാവിന് മുറ്റത്ത് സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തതെന്നാണ് വിശ്വാസം.
ശബരിമലയില്‍ ആചാരലംഘനത്തിന് ആവുന്നതെല്ലാം ചെയ്യുന്ന സിപിഎം നേതൃത്വം, പാര്‍ട്ടി ഭരിക്കുന്ന ക്ഷേത്രത്തിലെ ആചാരത്തെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതോടെ ക്ഷേത്രത്തില്‍ അത്തരത്തില്‍ ഒരു വിലക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഭരണ സമിതി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ബോര്‍ഡ് അപ്രത്യക്ഷമായത്. ബോര്‍ഡ് ഭരണ സമിതിയംഗങ്ങള്തന്നെ എടുത്തു മാറ്റുകയായിരുന്നുവെന്നറിയുന്നു.
വിഷു മുതല്‍ ഏഴ് ദിവസം മാത്രമാണ് പാലോട്ട് കാവില്‍ ഉത്സവകാലം. തുടക്കകാലത്ത് തീയ്യ സമുദായക്കാരുടെ അധീനതയിലായിരുന്നു ക്ഷേത്രഭരണം. പിന്നീട് സിപിഎം നിയന്ത്രണത്തിലായി. ആര്‍ത്തവകാലത്ത് ക്ഷേത്രത്തിന് മുന്പിലെ വഴിയിലൂടെ സ്ത്രീകള്‍ നടക്കാനും പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സ്ത്രീപ്രവേശനം നിഷേധിച്ച് കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്ന ബോര്‍ഡ് അപ്രത്യക്ഷമായതോടെ ക്ഷേത്രത്തില്‍ വിലക്കുണ്ടായിരുന്നില്ല എന്ന പാര്‍ട്ടി നേതാക്കളുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: