കൊച്ചി: രക്തച്ചൊരിച്ചില്‍ തടയാനാണ് രാജ്യത്ത് നിയമങ്ങളുണ്ടാക്കുന്നതെന്ന് ശബരിമലയിലെ യുവതീപ്രവേശനത്തെ പരാമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ശബരിമല വിധിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാകുന്നതുവരെ നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശി എം. തങ്കപ്പ മേനോന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശബരിമലയില്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്നാണ് ഗാന്ധി മാര്‍ഗത്തില്‍ വിശ്വസിക്കുന്ന താന്‍ കരുതുന്നതെന്ന് ഹര്‍ജിക്കാരന്റെ വാദത്തിനു മറുപടിയായാണ് കോടതിയുടെ നിരീക്ഷണം.
സുപ്രീംകോടതി വിധിക്കെതിരെ ഉത്തരവ് നല്കാന് ഹൈക്കോടതിക്ക് കഴിയില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു നിയമപരമായ നടപടികള്‍ സ്വീകരിക്കാം. പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാകുന്നതുവരെ ഹര്ജിക്കാരന് കാത്തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: