തിരുവനന്തപുരം: യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറവില്‍ നടക്കുന്നത് ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം. നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ നാടകങ്ങള്‍ അതിന്റെ തുടക്കമാണ്.
ശബരിമലയിലേക്കു തീര്‍ഥാടകരെത്തുന്നത് കുറയ്ക്കാനാണ് വെര്‍ച്വല്‍ ക്യൂവും ഓണ്‍ലൈന്‍ ബുക്കിങ്ങും കര്‍ശനമാക്കുന്നത്. പമ്പ പ്രളയത്തില്‍ തകര്‍ന്നുവെന്ന പേരില്‍ നിലയ്ക്കലിലേക്ക് ബേസ്ക്യാമ്പ് മാറ്റുന്നതും തീര്‍ഥാടക നിയന്ത്രണത്തിനാണ്.
തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ശരാശരി അഞ്ചുകോടി തീര്‍ഥാടകരെത്തുന്നുണ്ട്. അത് കുറക്കാനുള്ള നീക്കം നേരത്തെ തുടങ്ങി. വെര്‍ച്വല്‍ ക്യൂ സമ്പ്രദായം രണ്ടുവര്‍ഷം മുമ്പ് ആവിഷ്കരിച്ചതിനു പിന്നിലും ഈ തന്ത്രമാണ്.
പ്രതിദിനം ഒരു ലക്ഷം തീര്‍ഥാടകരെ വരെ കടത്തിവിടാന്‍ കഴിയുമെന്നാണ് പോലീസിന്റെ തലപ്പത്തും സര്‍ക്കാരിലും ദേവസ്വം ബോര്ഡിലുമുള്ളവരെ ധരിപ്പിച്ചിരിക്കുന്നത്. ഈ കണക്കു പ്രകാരം തീര്‍ഥാടകരുടെ എണ്ണം സീസണില്‍ പരമാവധി 60 ലക്ഷത്തിലേക്കു കുറയും. എന്നാല്‍ പരമാവധി 50,000 പേരെ മാത്രമേ കടത്തിവിടാനാകൂ എന്നാണ് വിദഗ്ധരുടെ കണക്ക്. അതായത് പ്രതിദിനം ഏഴുലക്ഷത്തിലേറെയായിരുന്ന തീര്‍ഥാടകര്‍ അരലക്ഷത്തിലേക്ക് കുറയും. ആകെ സീസണില്‍ 30-40 ലക്ഷമാകും.
നിലക്കല്‍ ബേസ് ക്യാമ്പ്
വെര്‍ച്വല്‍ ക്യൂ (ഓണ്‍ലൈന്‍) സമ്പ്രദായത്തിലല്ലാതെ വരുന്നവരെ പൂര്‍ണമായി തടയാനാവുമെന്നാണ് തീര്‍ഥാടനം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ പ്രതീക്ഷ. അതിനു കരുത്തുപകരാനാണ് നിലക്കല്‍ ബേസ്ക്യാമ്പാക്കുന്നത്. എല്ലാ വാഹനങ്ങളും അവിടെ തടയുകയും പിന്നീടുള്ള യാത്ര കെഎസ്ആര്‍ടിസി വഴി മാത്രമാക്കുകയും ചെയ്യുന്നതോടെ പമ്പയിലേക്കും സന്നിധാനത്തേക്കുമുള്ള തീര്‍ഥാടക പ്രവാഹം പോലീസ് നിയന്ത്രണത്തിലാകും. ഇതിനു പുറമെയാണ് തീര്‍ഥാടകര്‍ക്കു പാസ്സും സ്റ്റിക്കറും നല്‍കുന്നത്. പോലീസ് തീരുമാനിക്കുന്നവര്‍, അവര്‍ തീരുമാനിക്കുന്ന സമയത്ത് പമ്പയിലേക്കോ സന്നിധാനത്തേക്കോ പോകേണ്ടിവരും.
മുഖം തിരിച്ചറിയുന്ന ആപ്പ് അടങ്ങിയ ക്യാമറയും മറ്റു നൂതന സംവിധാനങ്ങളും ഉപയോഗിക്കുമെന്നു പ്രചരിപ്പിക്കുന്നതും തീര്‍ഥാടകരെ പിന്തിരിപ്പിക്കാനാണ്. ഒരിക്കലെത്തുന്ന തീര്ത്ഥാടകന് വീണ്ടുമെത്തിയാല്‍ പിടിക്കപ്പെടുമെന്നും ക്രിമിനല്‍ ലിസ്റ്റില്പ്പെടുത്തുമെന്നുമൊക്കെയാണ് പോലീസ് പ്രചരണം.
തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതോടെ ശബരിമലയുടെ വരുമാനവും കുറയും. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലെ കുറവ് ഇപ്പോള്‍ത്തന്നെ ആശങ്കാജനകമാണ്. എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കടകളുടെ ലേലത്തെ ബാധിച്ചുകഴിഞ്ഞു. തീര്‍ഥാടകരുടെ എണ്ണം ക്രമാതീതമായി കുറയുമെന്നാണ് പോലീസ് നടപടികളും മുന്നൊരുക്കങ്ങളും വഴി നല്കുന്ന സൂചന. ഈ സാഹചര്യത്തില്‍ വന്‍ തുക മുടക്കി കടകള്‍ ലേലത്തിനെടുക്കേണ്ടെന്നാണ് വ്യാപാരികള്‍ അനൗപചാരികമായി എടുത്തിട്ടുള്ള തീരുമാനം.
നടവരവും മറ്റിനങ്ങളിലുള്ള വരുമാനവും കുറയുന്നതോടെ ശബരിമലവരുമാനത്തെ ആശ്രയിക്കുന്ന ദേവസ്വം ബോര്‍ഡിനെയും നൂറുകണക്കിനു ഇതരക്ഷേത്രങ്ങളെയും അതു പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: