ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം കടലില്‍ വീണ് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 24 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവ ജാവയിലെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പഴ്സുകള്‍, പണം, മൊബൈല്‍ ഫോണുകള്‍, ഓക്സിജന്‍ബോട്ടിലുകള്‍ തുടങ്ങി, കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ജാവാ തുറമുഖത്തെത്തിച്ചു.
തെക്കന്‍ ജാവയിലെ കാരവാങ് തീരത്തിനു സമീപം തിങ്കളാഴ്ചയാണ് അപകടം. ഈ പ്രദേശത്തു നിന്ന് ശക്തമായ ഇടിമുഴക്കത്തിന് സമാനമായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ, വിമാനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ബ്ലാക്ബോക്സ് റെക്കോഡര്‍ ഉള്‍പ്പെടെ വിമാനത്തിന്റെ സുപ്രധാന ഭാഗങ്ങള്‍ കണ്ടെത്താന്‍ ആഴക്കടലില്‍ ബീക്കണുകള്‍ വിന്യസിച്ചു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കകം വിമാനം തകരാനുണ്ടായ കാരണം റെക്കോഡറില്‍ നിന്ന് കണ്ടെത്താമെന്നാണ് പ്രതീക്ഷ. ലയണ്‍ എയറിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 737 മാക്സ് വിമാനത്തിന് ഏറെ പഴക്കമില്ല. ആകെ 189പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യക്കാരന് ഭവ്യേ സുനേജയായിരുന്നു വിമാനത്തിന്റെ പൈലറ്റ്.
ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെല്ലാം കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചാല്‍ ഇന്തോനേഷ്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വിമാന ദുരന്തമാകുമിത്. അപകടകാരണം കണ്ടെത്താന്‍ അമേരിക്കന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ്, സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: