കലികാലത്തില്‍ ഭക്തിക്ക് പ്രധാന്യം നല്‍കാനും ജീവിതത്തില്‍ ആത്മീയതക്ക് സ്ഥാനം ലഭിക്കുവാനും ഭഗവാന്‍ തന്നെ ചില മാര്‍ഗങ്ങള്‍ സൃഷ്ടിക്കുമെന്നതിന്റെ പല രൂപങ്ങള്‍ നാം കാണാറുണ്ട്. തന്റേതായ ഭക്തികൊണ്ടും യാത്രയോടുള്ള പ്രിയം കൊണ്ടും സാമൂഹ്യമാധ്യമങ്ങളുടെ സാധാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ ആരാധനാലയങ്ങളായ ക്ഷേത്രങ്ങളെക്കുറിച്ച് വ്‌ളോഗുകള്‍ ചെയ്ത് ശ്രദ്ധേയയാവുകയാണ് തൃശൂര്‍ സ്വദേശിനി രഞ്ജിനി.
യൂട്യൂബ് എന്ന സാമൂഹ്യമാധ്യമത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളിലെയും മറ്റ് ആരാധനാലയങ്ങളുടെയും പൗരാണികതയും പ്രത്യേകതകളും സമൂഹത്തിന് പറഞ്ഞുകൊടുക്കുകയാണ് രഞ്ജിനി. 2000 ദിവസങ്ങള്‍കൊണ്ട് 200 ക്ഷേത്രാങ്കണങ്ങളില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് അവര്‍. ക്ഷേത്രങ്ങളുടെ കഥകള്‍ പറയുന്നതിനോടൊപ്പം ആ നാടിന്റെ ചരിത്രവസ്തുതകളും അവയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുമാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലായ രഞ്ജിനി വിനോദ് വ്‌ളോഗിലൂടെ പറഞ്ഞുപോകുന്നത്. ലോകം മുഴുവന്‍ സ്തംഭിച്ചുപോയ കാലഘട്ടമായിരുന്നു കൊവിഡ് വ്യാപനകാലം. മറ്റൊരു വരുമാന മാര്‍ഗവുമില്ലാതിരുന്ന ആ കാലത്ത് പലരും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും അവരുടേതായ ആശയങ്ങള്‍ വീഡിയോകളായി പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു, അതുപോലെ തന്നെ രഞ്ജിനി ആരംഭിച്ചതാണ് ഈ സംരംഭവും. ആദ്യകാലങ്ങളില്‍ പാചക വീഡിയോകളാണ് ചാനലില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീടാണ് ആത്മീയതയ്‌ക്ക് പ്രധാന്യം നല്‍കി ക്ഷേത്ര വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്. ഭര്‍ത്താവ് വിനോദിന്റെ എല്ലാ സഹകരണവും പ്രചോദനവും രഞ്ജിനിക്ക് ലഭിച്ചിരുന്നു. കാലഘട്ടം മാറുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരുടെ പൂര്‍ണ പിന്തുണയോടെ യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യാന്‍ പ്രാപ്തരാകുന്ന സ്ത്രീകള്‍ ചുരുക്കമാണ്.
ഐടി പ്രൊഫഷണലായ രഞ്ജിനി യൂട്യൂബ് തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി കണ്ടെത്തുകയായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പരമഭക്തയായ രഞ്ജിനി ക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ വലിയ നിമിത്തമായി കണ്ടു. രഞ്ജിനിയുടെ യാത്ര മറ്റ് ആത്മീയ യാത്രികരെ സ്വാധീനിക്കുന്നവയാണ്. കാരണം, കേരളത്തിലെ 14 ജില്ലകളിലേയും ക്ഷേത്രങ്ങളിലും അവര്‍ക്ക് എത്താന്‍ സാധിച്ചു. ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ള തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും കഥ സമൂഹത്തില്‍ എത്തിക്കാന്‍ സാധിച്ചു.
പൗരാണികതകളെ ക്ഷേത്രനടകളിലൂടെ എന്ന പുസ്തകമായും രഞ്ജിനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 90 ക്ഷേത്രങ്ങള്‍, ക്ഷേത്രായനം, സേക്രഡ് പാസേജ് എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. കൂടാതെ ഗുരുവായൂര്‍ ദേവസ്വം മാസികയായ ഭക്തപ്രിയയിലും ക്ഷേത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതാറുണ്ട്. ക്ഷേത്രനടകളുടെ കഥ പറയുന്ന രഞ്ജിനിക്ക് പറയാനുള്ളത് ഒരുപാട് സ്വപ്‌നസാക്ഷാത്ക്കാരങ്ങളുടെ കൂടി കഥകളാണ്.
ബാല്യകാലം മുതല്‍ തന്നെ ശ്രീപദ്മനാഭ സ്വാമിയുടെ കഥകള്‍ കേട്ടും കണ്ടും, കൊട്ടാരത്തോട് വലിയ മാനസിക അടുപ്പം തോന്നിയ ആളാണ് തൃശൂര്‍ സ്വദേശിനിയായ രഞ്ജിനി. വര്‍ഷങ്ങള്‍ക്കിപ്പുറം ‘സേക്രഡ് പാസേജസ്’ എന്ന സ്വന്തം പുസ്തകം അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കാനുമായി. സാമൂഹ്യമാധ്യമങ്ങളുടെ മോശം വശം ഏറെ പ്രകടമാകുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള സത്സംഗ വഴികള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പുതു പാതകളാണ് തുറക്കുന്നത്.
















