തിരുവനന്തപുരം/മലയിന്‍കീഴ്: ശബരിമല വിവാദത്തില്‍ വിശ്വാസം അത് എന്താണെന്ന ഇടതു നേതാക്കളുടെ ചോദ്യത്തിന് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുണ്ട് അതിന് ഉത്തരം. ക്ഷേത്രത്തോളം പഴക്കമുള്ള ആചാരത്തില്‍ നാലമ്പലത്തിനുള്ളില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന്.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഭരണം നടത്തുന്നത്. 13 അംഗ ഭരണസമിതിയില്‍ ഒന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍. പക്ഷേ സ്ത്രീ പ്രവേശനം പാടില്ലെന്ന ഇവിടുത്തെ ആചാരം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല ഇവര്‍. നാലമ്പലത്തില്‍ പുരുഷന്മാര്ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് ആലേഖനം ചെയ്ത പുതിയ ബോര്‍ഡും ദേവസ്വം ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദത്തെ തുടര്‍ന്നാണ് നിറം മങ്ങിയ ബോര്‍ഡ് മാറ്റി പുതിയത് സ്ഥാപിച്ചത്.
സച്ചിദാനന്ദ സ്വാമിയുടെ യോഗസമാധിക്ക് മുകളില്‍ തിരുവല്ലാഴപ്പനെ ജഢിബന്ധ പ്രതിഷ്ഠ നടത്തിയിരിക്കുന്നുവെന്ന് ഐതിഹ്യം. ശബരിമലയിലേതും ജഢിബന്ധ പ്രതിഷ്ഠയാണ്. സാധാരണ ക്ഷേത്രങ്ങളില്‍ അഷ്ടബന്ധ പ്രതിഷ്ഠയാണ്. സമാധിയിലെ ജഡയില്‍ ശില ചേര്‍ത്ത് ഉറപ്പിക്കുന്ന അപൂര്‍വതയാണ് ജഢിബന്ധം. ഇത്തരം പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം പാടില്ലെന്നത് ആചാര്യ വിധി.
തിരുവല്ല ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു മലയിന്‍കീഴ് ക്ഷേത്രം. തിരുവല്ലം പത്തില്ലത്തില് പോറ്റിമാരുടെ വകയായിരുന്നുവെന്നും പഴമ. പണ്ട് സ്വാമിയാര് മഠമാണ് തിരുവല്ലാഴപ്പന് പൂജാദി കാര്യങ്ങളുടെ ചുമതല. മഠം അധിപതി ആറുദേശപ്പറ്റി സ്വാമികള്‍ ക്ഷേത്രത്തിനുള്ളില്‍ പൂജാദികര്‍മങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ ആചാരങ്ങള്‍ ലംഘിച്ച് ഒരു സ്ത്രീ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചു. അവര്‍ പിന്നീട് മടങ്ങിവന്നില്ല. ഭഗവാനില്‍ ലയിച്ചുചേര്ന്നുവെന്നാണ് വിശ്വാസം.ഇവിടെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. നാലമ്പലത്തിന് പുറത്തു നിന്ന് തൊഴാം. നൂറ്റാണ്ട് പിന്നിടുന്ന ഈ ആചാരം തെറ്റിക്കാന്‍ ആരും തയാറല്ല.
ശിവ കൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: