ദോഹ: തുര്‍ക്കിയിലെ സൗദി സ്ഥാനപതി കാര്യാലയത്തിനുള്ളില്‍ കൊല്ലപ്പെട്ട സൗദി അറേബ്യന്‍ വിമത മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. സ്കൈ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഷണങ്ങളാക്കിയ മൃതദേഹഭാഗങ്ങള്‍ തുര്‍ക്കിയിലെ സൗദി അറേബ്യന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലാണ് മറവുചെയ്തിരുന്നത്. വിരലുകള്‍ മുറിച്ചെടുത്തശേഷം തലയറുക്കുകയാണ് ചെയ്തത്. ഖഷോഗിയുടെ മുഖം ഇടിച്ചുചതച്ച് വികൃതമാക്കിയ നിലയിലാണ്. കൊലപാതകം സംബന്ധിച്ച ചില സത്യങ്ങള്‍ പുറത്തുവിടുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പ്രസ്താവനക്കു പിന്നാലെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ശരീരം എവിടെ മറവുചെയ്തെന്ന് വിവരമില്ലെന്നായിരുന്നു സൗദിയുടെ ഭാഷ്യം.
ഖഷോഗിയുടെ മൃതദേഹം തുര്‍ക്കിക്കു പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നത് അദ്ദേഹത്തെ കാണാതായ ഒക്ടോബര്‍ രണ്ടിനു തന്നെ തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമായ മിറ്റ് ഉറപ്പാക്കിയിരുന്നു.
സൗദി കോണ്‍സുലേറ്റിലുണ്ടായ അപ്രതീക്ഷിത മല്പ്പിടുത്തത്തിലല്ല, മുന്‍നിശ്ചയ തീരുമാനപ്രകാരം സൗദിയുടെ 15 അംഗ കൊലയാളി സ്ക്വാഡ് നടപ്പാക്കുകയായിരുന്നുവെന്നും തുര്‍ക്കി അധികൃതര്‍ വിശദീകരിക്കുന്നു.
സൗദി രാജകുടുംബത്തിന്റെ വിമര്‍ശകരായി വിദേശങ്ങളില്‍ താമസിക്കുന്നവരെ സ്വദേശത്തെത്തിച്ച് കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തി നല്ല പൗരന്മാരാക്കാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരം ഖഷോഗിയെ തട്ടിയെടുക്കാനാണ് പതിനഞ്ചംഗ സൈനിക സംഘം തുര്ക്കിയിലെത്തിത്. ഇതിനായി കുത്തിവയ്പ് നല്കി മയക്കാന്‍ ശ്രമിച്ചപ്പോള്‍ ഖഷോഗി എതിര്‍ത്തു. തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നും മൃതദേഹം ഒരു ഇസ്താംബൂളുകാരനെ മറവുചെയ്യാനേല്‍പ്പിച്ച് സംഘം ഉടന്‍ മടങ്ങിയെന്നുമായിരുന്നു സൗദി വെളിപ്പെടുത്തല്‍.
പ്രതിശ്രുതവധു ഹദീസ് സെന്‍ഗിസിന്റെ കൈയിലെ മൊബൈലുമായി തന്റെ ആപ്പിള്‍ വാച്ച് ബന്ധിപ്പിച്ചാണ് ഖഷോഗി കോണ്സുലേറ്റിലേക്കു പോയത്.
സെന്‍ഗിസിന്റെ മൊബൈലില്‍ രേഖപ്പെടുത്തിയ ഓഡിയോ വിഷ്വലുകളാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. താന്‍ കോണ്‍സുലേറ്റില്‍ കടന്ന് ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവിനെ വിവരമറിയിക്കണമെന്നും ഖഷോഗി നിര്‍ദേശിച്ചിരുന്നു.
സൗദി ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കി
വാഷിങ്ടണ്‍: ഖഷോഗിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന സൗദി ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കിയതായി അമേരിക്ക അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്ക കൈക്കൊള്ളുന്ന ശക്തമായ ആദ്യ നടപടിയാണിത്. 21 പേരുടെ വിസയാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: