കോഴിക്കോട്: കുട്ടികളിൽ മതതീവ്രവാദവും മതവിദ്വേഷവും വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചതിന് അന്വേഷണം നേരിടുന്ന പീസ് ഇന്റർനാഷണൽ സ്‌കൂൾ എംഡി എം.എം. അക്ബറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് വരെ തുടർന്നു.
പീസ് ഇന്റർനാഷണൽ സ്‌കൂളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അക്ബറിനെ കോഴിക്കോട്ട് വെച്ച് ചോദ്യം ചെയ്തത്. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ്, വിദേശ സഹായം, എന്നിവയെക്കുറിച്ച് എൻഫോഴ്സ്മെന്റ് വിവരങ്ങൾ ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ, സാമ്പത്തിക വിനിമയങ്ങൾ എന്നിവ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാനും എൻഫോഴ്സ്മെന്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ ഒരു മാസത്തിനുള്ളിൽ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പീസ് ഇന്റർനാഷണൽ സ്‌കൂളിന്റെ പേരിൽ പത്തോളം വിദ്യാലയങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകൃത ഏജൻസികൾ നിർദ്ദേശിക്കാത്ത പുസ്തകങ്ങളാണ് പീസ് സ്‌കൂളിൽ പഠിപ്പിക്കുന്നതെന്ന് സർക്കാർ നേരത്തെ കണ്ടെത്തിയിരുന്നു. മത വിദ്വേഷം വളർത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരിൽ 2018 ഫെബ്രുവരി 25 ന് ഹൈദരബാദ് വിമാനത്താവളത്തിൽ വെച്ച് അക്ബറിനെ അറസ്റ്റ് ചെയ്തിരുന്നു.
വിദേശത്തു നിന്ന് തിരിച്ചു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവാദ പാഠഭാഗങ്ങൾ തയ്യാറാക്കിയ മുംബൈ ബുറൂജ് റിയലൈസേഷൻ സ്ഥാപനത്തിനെതിരെയും കേസ്സെടുത്തിരുന്നു. പീസ് ഇന്റർനാഷണൽ സ്‌കൂൾ ആസ്ഥാനത്ത് നടത്തിയ റെയ്ഡിൽ മതവിദ്വേഷം വളർത്തുന്ന നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: