ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള . ജനങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, മേഖലയിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ പാർട്ടിയുടെ പ്രാഥമിക അജണ്ടയെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.
കശ്മീരിലെ ബുഡ്ഗാമിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ ഈ പരാമർശം. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് തന്റെ പാർട്ടി നിലകൊള്ളുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 2019 ൽ കേന്ദ്രം റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും, ഈ പോരാട്ടത്തിൽ നിന്ന് പിന്മാറണമെന്ന ചോദ്യമൊന്നും ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ജമ്മു കശ്മീരിൽ നിലവിലുള്ള ഇരട്ട ഭരണസംവിധാനം കേന്ദ്രഭരണ പ്രദേശത്തിന്റെ വികസനത്തിന് ഹാനികരമാണ്. നാഷണൽ കോൺഫറൻസിന്റെ അടിത്തറ അതിന്റെ സമർപ്പിതരായ പ്രവർത്തകരിലും ജനങ്ങളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച കശ്മീരിലെ രക്തസാക്ഷികളുടെ ത്യാഗങ്ങളിലുമാണ്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാർ രൂപീകരിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ വാഗ്ദാനം – തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നത് നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. ആർട്ടിക്കിൾ 370 നും ജമ്മു കശ്മീരിന്റെ ഭരണഘടനാ സുരക്ഷയ്‌ക്കും വേണ്ടിയുള്ള പോരാട്ടം സംസ്ഥാന ഭരണകൂടം ഉപേക്ഷിച്ചു‘ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
2019 ഓഗസ്റ്റ് 5 നാണ് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെയും ലഡാക്കിനെയും രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്തത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വകുപ്പ് . അതാണ് മോദി സർക്കാർ എടുത്ത് കളഞ്ഞ് കശ്മീരിൽ മാറ്റത്തിന് തുടക്കമിട്ടത്.
















