കൊച്ചി: എടിഎം കവര്‍ച്ചാസംഘം സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ. ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിലാണ് രക്തക്കറ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധകള്‍ക്ക് എത്തിയപ്പോഴാണ് രക്തക്കറ കണ്ടെത്തിയത്.
പണം മോഷ്ടിക്കുന്നതിനിടെ സംഘത്തിലുള്ളവര്‍ക്ക് പരിക്കേറ്റതാവാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് രുപീകരിക്കും. ദല്‍ഹി, തമിഴ്‌നാട് പോലീസ് സേനയുടെ സഹായവും സംസ്ഥാന പോലീസ് തേടിയിട്ടുണ്ട്. എടിഎമ്മില്‍ നിന്നും കണ്ടെടുത്ത വിരലടയാളം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി. പിന്നില്‍ പ്രൊഫഷണല്‍ സംഘമെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ജയില്‍മോചിതരായ മോഷ്ടാക്കളുടെ വിവരങ്ങളും ശേഖരിക്കുന്നു.
മോഷണ സംഘം ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടിരിക്കാമെന്നും അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു. കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്. കോട്ടയം വെമ്പള്ളിയിലും എറണാകുളം കളമശേരിയിലും എടിഎമ്മില്‍ കവര്‍ച്ചാ ശ്രമമുണ്ടായി.
കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇരുമ്പനത്തെ എസ്‌ബിഐ എടിഎമ്മില്‍നിന്ന് 10 ലക്ഷം രൂപയും നഷ്ടമായി.
സംസ്ഥാനത്തെ നടുക്കി എടിഎം കവര്‍ച്ചകള്‍; മോഷ്ടിക്കപ്പെട്ടത് 35 ലക്ഷം
















