ന്യൂദല്‍ഹി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയും അദ്ദേഹത്തിനെതിരെ നിരന്തരം നീങ്ങുകയും ചെയ്ത മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ഭട്ടിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ശ്വേത ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതി ഗുജറാത്ത് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
1996ല്‍ സഞ്ജീവ് ഭട്ട് എസ്പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഞ്ജീവ് സുപ്രീംകോടതിയെ സമീപിക്കുന്നത് ഒഴിവാക്കാന്‍ കസ്റ്റഡി വേളയില്‍ രേഖകളില്‍ പോലീസ് ഒപ്പു വയ്‌പിച്ചില്ലെന്നാരോപിച്ചാണു ഭാര്യ ശ്വേത കോടതിയിലെത്തിയത്.
















