തൊടുപുഴ: കോളേജിനുള്ളിലേക്ക് പ്രകടനമായി എത്തിയ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്റെ കൈ പിടിച്ചൊടിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ തൊടുപുഴ അല്‍-അസ്ഹര്‍ ആര്‍ട്ട്‌സ് കോളേജിലാണ് സംഭവം.
ഇടവെട്ടി പുത്തന്‍വീട്ടില്‍ ഫിറോസിനാണ് പരിക്കേറ്റത്. കൈയ്‌ക്ക് പൊട്ടല്‍ ഉണ്ട്. മുട്ടം പോളിടെക്‌നിക്കില്‍ നിന്ന് പ്രകടമായി എത്തിയ പതിനഞ്ചോളം വിദ്യാര്‍ഥികളാണ് അക്രമണം നടത്തിയത്. പ്രകടനം വരുന്നത് കണ്ട് കോളേജിന്റെ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം ഫിറോസ് മുന്‍വശത്തെ ഗ്രില്ല് അടയ്‌ക്കുകയായിരുന്നു. ഉള്ളില്‍ പ്രവേശിക്കാനാകാതെ വന്നതോടെ സംഘമായി എത്തിയ വിദ്യാര്‍ഥികളിലൊരാള്‍ ഫിറോസിന്റെ കൈ പിടിച്ച് തിരിച്ച് ഒടിക്കുകയായിരുന്നു. കോളേജ് അധികൃതര്‍ ഇടപെട്ടാണ് വിദ്യാര്‍ഥികളെ തിരിയച്ചത്. ഇവര്‍ തന്നെയാണ് ഫിറോസിനെ ആശുപത്രിയിലെത്തിച്ചതും.
തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് ഫിറോസിനെ പ്രവേശിപ്പിച്ചത്. കോളേജ് ഇടപെട്ട് സംഭവത്തില്‍ പരാതിയും നല്‍കി. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ പോലീസ് കസെടുത്തു. പരിക്ക് സാരമുള്ളതല്ല എന്നാണ് പോലീസിന്റെ ഭാഷ്യം.
















