പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ കക്കാട്ടാറ്റിലെ മണിയാര്‍ ഡാമിന് പ്രളയത്തില്‍ ഉണ്ടായ ബലക്ഷയം ആശങ്കയുയര്‍ത്തുന്നു. ഷട്ടറിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകിപ്പോയതും വലതുകരയിലെ സംരക്ഷണ ഭിത്തി തകര്‍ന്നതുമാണ് ബലക്ഷയത്തിന് കാരണം.
കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലതുകരയോടു ചേര്‍ന്ന ഒന്നും രണ്ടും ഷട്ടറുകളുടെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു പോയത്. പ്രളയത്തില്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്. രണ്ടാം നമ്പര്‍ ഷട്ടര്‍ തുറക്കാന്‍ കഴിയാഞ്ഞതിനാല്‍ ഷട്ടറിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകി. വീണ്ടും വെള്ളം ശക്തിയായി ഒഴുകിയാല്‍ ശേഷിക്കുന്ന ഭാഗവും തകര്‍ന്നേക്കുമെന്നാണ് ആശങ്ക. അണക്കെട്ടിന്റെ വലതുകരയിലെ സംരക്ഷണ ഭിത്തി തകര്‍ന്ന് അണക്കെട്ടിലെ വെള്ളം ഇതുവഴിയാണ് പുറത്തേക്കൊഴുകുന്നത്. ഇതാണ് ഡാമിന്റെ നിലനില്‍പ്പിന് വലിയ ഭീഷണിയായിരിക്കുന്നത്.
ഡാം നിറഞ്ഞ് ഇപ്പോഴും വെള്ളമുള്ളത് നാട്ടുകാരെ ഭീതിയിലാക്കുന്നു. ഷട്ടറുകള്‍ക്ക് താഴെ കോണ്‍ക്രീറ്റ് ഇളകിയതിനോടൊപ്പം സംരക്ഷണഭിത്തിയ്‌ക്കുണ്ടായ വിള്ളലും വിദഗ്ധസംഘം ഇന്നലെ പരിശോധിച്ചു. ഇതാദ്യമായല്ല മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ക്ക് താഴെയുള്ള ജലനിര്‍ഗമന മാര്‍ഗത്തിലെ കോണ്‍ക്രീറ്റ് ഇളകി മാറുന്നതെന്നും ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഡാമില്‍ നിന്നുള്ള ജലപ്രവാഹം മണിയാര്‍ മുതല്‍ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട്, മുതല്‍ ചെങ്ങന്നൂര്‍ വരെ പമ്പാനദിയുടെയും തീരപ്രദേശങ്ങളെ ബാധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കല്‍ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉത്പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറില്‍ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. ജലസേചനത്തിനായി 1961ല്‍ നിര്‍മ്മിച്ച മണിയാര്‍ ഡാമിന്റെ നീളം 115.22 മീറ്ററാണ്.
















