ജക്കാര്‍ത്ത: ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ- ദിവിജ് ശരണ്‍ സഖ്യം ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഒന്നാം സീഡായ ഇന്ത്യന്‍ ജോഡി ഫൈനലില്‍ കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബുബ്ലിക് – ഡെനിസ് ടീമിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
അമ്പത്തിരണ്ട് മിനിറ്റ് മാത്രം നീണ്ട കലാശപ്പോരാട്ടത്തില്‍ 6-3, 6-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീം വിജയം നേടിയത്. ആദ്യ ഇരുപത് മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ ടീം 4-1 ന്റെ ലീഡ് നേടി. പിന്നീട് ലീഡ് 5-3 ആയി ഉയര്‍ത്തിയ അവര്‍ 6-3 ന് ആദ്യ സെറ്റ് പോക്കറ്റിലാക്കി.
രണ്ടാം സെറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ഒരു ഘട്ടത്തില്‍ സ്കോര്‍ 3-3. പിന്നീട് ഇന്ത്യന്‍ ടീം മുന്നേറി. 6-4 ന് ബൊപ്പണ്ണ – ശരണ്‍ ടീം സെറ്റും വിജയവും സ്വന്തമാക്കി. ബൊപ്പണ്ണ ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നത്. അതേസമയം ശരണ്‍ ഇതു രണ്ടാം തവണയാണ് മെഡല്‍ കരസ്ഥമാക്കുന്നത്. 2014 ല്‍ പുരുഷ ഡബിള്‍സില്‍ യുകി ഭാംഭ്രിക്കൊപ്പം വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: