റായ്‌പുർ: മാവോയിസ്റ്റുകളുടെ ആസൂത്രിത ഐഇഡി സ്ഫോടന പദ്ധതിയെ തകർത്ത ‘ബഗീര’ സുരക്ഷാ സേനയുടെ വീരന്മാരുടെ നിരയിലേക്ക്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ ഡോബർമാൻ ഇനത്തിൽപ്പെട്ട നായയാണ് ബഗീര. ജൂലൈ 29ന് ഛത്തീസ്ഗഡിലെ രഞ്ചനാദ്ഗാവോൻ ജില്ലയിലെ മൻപുർ-ബസേലി റോഡിൽ പട്രോൾ നടത്തിയിരുന്ന സുരക്ഷാ സേനയെയാണ് ബഗീര തന്റെ കഴിവിലൂടെ രക്ഷപ്പെടുത്തിയത്.
14 കിലോമീറ്ററോളം ദൂരമുള്ള പാതയിൽ തെരച്ചിൽ നടത്തിയിരുന്ന സുരക്ഷാ സേനയെ ആകമാനം നശിപ്പിക്കുവാൻ ഉഗ്രശേഷിയുള്ള ഐഇഡി ബോംബുകൾ മാവോയിസ്റ്റുകൾ പാതയിൽ സ്ഥാപിച്ചിരുന്നു. ഈ ബോംബുകൾ താലിബാൻ പോലെയുള്ള ഭീകര സംഘടനകൾ ഉപയോഗിക്കുന്നതാണ്.
എന്നാൽ ഇതേ സമയം സുരക്ഷാ ഉദ്യോഗസ്ഥനായ പി പി ശിവറാവുവിന്റെ ഒപ്പമുണ്ടായിരുന്ന ബഗീര 20 കിലോയോളം ഭാരമുള്ള ബോംബ് മണത്ത് കണ്ടുപിടിച്ചു. തുടർന്ന് ബോംബ് നിർവീര്യമാക്കി. ബോംബിന്റെ മണം പുറത്ത് വരാതിരിക്കാൻ പ്രത്യേകം പൊതിച്ചിൽ ബോംബിനു ചുറ്റുമുണ്ടായിരുന്നു. പട്രോളിങ് നടത്തിയിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും കൊല്ലാൻ ശേഷിയുള്ളതായിരുന്നു ബോംബ്.
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ കെ9 റിക്രൂട്ട്മെൻ്റിലുള്ള നായയാണ് ബഗീര. ബഗീരയുടെ വീരോചിതമായ പ്രകടനത്തെ സേനവിഭാഗം പ്രശംസിച്ചു. സേനയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ബഗീരയെ പ്രശംസിച്ചത്. ഐടിബിപി പരിശീലനം നൽകിയ 20 നായകളിൽ ഒന്നാണ് ബഗീര. ഛത്തീസ്ഗഡിൽ വിവിധ ഭാഗങ്ങളിലായി ഇവകളുടെ സേവനം സേനയ്‌ക്ക് ലഭിക്കുന്നുണ്ട്. വ്യത്യസ്ത കര്‍ത്തവ്യങ്ങൾക്കായി ഇന്ത്യയിൽ ഡോബർമാൻ നായകളെ വിന്യസിച്ച സുരക്ഷാ സേനയാണ് ഐടിബിപി.
















