ന്യൂദല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായ വീരജവാന്മാരുടെ സ്മരണയില്‍ ജൂലൈ 26 ന് ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കും.
1999 മെയ് മാസത്തിലെ ആദ്യ ആഴ്ചയാണ് കാര്‍ഗില്‍ കീഴടക്കുവാന്‍ ആളുകള്‍ നുഴഞ്ഞു കയറിയിരിക്കുന്നു എന്ന് ഇന്ത്യക്ക് വിവരം ലഭിച്ചത്. ആദ്യം മുജാഹിദ്ദീന്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീടാണ് പാക്കിസ്ഥാന്‍ പട്ടാളക്കാരാണിതെന്ന് സുരക്ഷാ സൈന്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ ഓപ്പറേഷന്‍ വിജയ് എന്ന ദൗത്യത്തിന് ഇന്ത്യ രൂപം നല്‍കി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു കാര്‍ഗില്‍ യുദ്ധം. പാക്കിസ്ഥാന്‍ നുഴഞ്ഞ് കയറ്റക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത് എവിടെയെല്ലാം എന്ന് 32000 അടി ഉയരത്തില്‍ പറന്ന് കണ്ടെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ സഫേദ് സാഗര്‍ എന്ന ദൗത്യമായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഇന്ത്യക്ക് അഞ്ഞൂറില്‍ പരം പട്ടാളക്കാരുടെ ജീവന്‍ നഷ്ടമായപ്പോള്‍ പട്ടാളക്കാരും തീവ്രവാദികളും ഉള്‍പ്പെടെ പാക്കിസ്ഥാന് നഷ്ടമായത് 3000 പേരുടെ ജീവനായിരുന്നു.
ജൂലൈ മാസം 14 ന് ദൗത്യം വിജയം കണ്ടെങ്കിലും 28 നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചത്. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന നിലയിലും യുദ്ധതീവ്രതകൊണ്ടും ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നായിരുന്നു കാര്‍ഗില്‍ യുദ്ധം.
















